ദലിത് ക്രിസ്ത്യന്‍ കൗൺസിൽ ഇന്‍ഡ്യ മുന്നണിയെ പിന്‍തുണയ്ക്കും; കേരളത്തില്‍ യുഡിഎഫിന് വോട്ട് നല്‍കും; എല്‍ഡിഎഫിനെ പാഠം പഠിപ്പിക്കുമെന്ന് വിജെ ജോര്‍ജ്

കോട്ടയം: സംസ്ഥാനത്തെ ദലിത് ക്രൈസ്തവർ യുഡിഎഫിനെ പിന്തുണയ്ക്കും. ദേശീയ തലത്തിൽ ബിജെപി മുന്നണിക്കെതിരെ വോട്ട് ചെയ്യാനും തീരുമാനിച്ചതായി നാഷണൽ കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് (NCDC) ദേശീയ പ്രസിഡൻ്റ് വിജെ ജോർജ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ദലിത് ക്രൈസ്തവരുടെ പട്ടികജാതി അവകാശം സംബന്ധിച്ച് നിഷേധാത്മക സമീപനമാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ചത്. അതിലുപരി വടക്കേ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരായി വ്യാപക ആക്രമണങ്ങള്‍ ഉണ്ടായിട്ടും, അതിക്രമങ്ങൾ തടയാൻ കേന്ദ്ര സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. രാജ്യത്ത് ദലിത് ക്രിസ്ത്യാനികൾക്ക് സ്വാധീനമുള്ള 127 മണ്ഡലങ്ങളിൽ ഇന്‍ഡ്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ എൻസിഡിസി രംഗത്തിറങ്ങും.

കേരളത്തിലെ പിണറായി വിജയൻ സർക്കാർ ദലിത് ക്രിസ്ത്യാനികളോട് അത്യന്തം വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദലിത് ക്രൈസ്തവർക്ക് അഞ്ചിന വാഗ്ദാനങ്ങൾ എൽഡിഎഫ് നല്‍കിയിരുന്നു. അവ പ്രകടനപത്രിയിൽ ഉള്‍പ്പെടുത്തി വോട്ട് വാങ്ങിയെങ്കിലും ഒന്നു പോലും നാളിത് വരെ നടപ്പാക്കിയില്ലെന്ന് ജോർജ് പറഞ്ഞു.

നേരത്തെ ദളിത് ക്രിസ്ത്യാനികൾക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലും ഇടത് സർക്കാർ നിഷേധിച്ച സാഹചര്യത്തിൽ പിണറായി സർക്കാരിനെതിരെ കേരളത്തിലെ ദലിത് ക്രൈസ്തവർ വോട്ടു ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് നാല് ശതമാനം സംവരണം നൽകണമെന്ന ന്യായമായ അവകാശം പോലും സിപിഎം നിഷ്കരുണം നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് മുപ്പത് ലക്ഷത്തോളം വരുന്ന ദലിത് ക്രിസ്ത്യാനികൾ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

പിന്തുണ നൽകുന്ന കാര്യത്തിൽ യുഡിഎഫുമായി ചർച്ചയൊന്നും നടത്തിയിട്ടില്ല. ഏതെങ്കിലും വ്യവസ്ഥയുടേയോ ഉടമ്പടിയുടേയോ അടിസ്ഥാനത്തിലല്ല പിന്തുണ നൽകുന്നത്. മറിച്ച് ദേശീയ തലത്തിൽ ഇന്ത്യ മുന്നണിക്കും, കേരളത്തിൽ യുഡിഎഫിനും പിന്തുണ നൽകാനാണ് തീരുമാനം.

സീറോ മലബാർ സഭയിലും സിഎസ്ഐയിലുമായിരുന്നു ദലിത് ക്രിസ്ത്യാനികൾ ഏറെയും. എന്നാൽ ഇപ്പോൾ പെന്തക്കോസ്ത് വിഭാഗത്തിലാണ് ദലിത് ക്രിസ്ത്യാനികൾ കൂടുതലും. പെന്തക്കോസ്ത് സഭകളിലേക്ക് ദലിത് ക്രിസ്ത്യാനികളുടെ വലിയ ഒഴുക്കു തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top