ദളിത് നഴ്സിനെ ബലാത്സംഗം ചെയ്ത് ഡോക്ടർ; കൊൽക്കത്തക്ക് പിന്നാലെ യുപി ആശുപത്രി വിവാദത്തിലേക്ക്; മൂന്നുപേർ അറസ്റ്റിൽ

കൊൽക്കത്തയിലെ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നതിന് ഇടയിൽ ഉത്തർപ്രദേശിൽ ദളിത് നഴ്സിനെ മുറിയിൽ പൂട്ടിയിട്ട് ഡോക്ടർ ബലാത്സംഗം ചെയ്തു. മൊറാദാബാദ് താക്കൂർദ്വാരയിലെ എബിഎം ആശുപത്രിയിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് ക്രൂരകൃത്യം അരങ്ങേറിയത്. ഇരുപത് വയസുകാരിയുടെ പിതാവ് ഇന്ന് നൽകിയ പരാതിയിൽ മൂന്ന് പേർ അറസ്റ്റിലായി. ഡോക്ടർ ഷാനവാസ്, നഴ്‌സ് മെഹ്നാസ്, വാർഡ് ബോയ് ജുനൈദ് എന്നിവരാണ് പിടിയിലായത്. ഇരയെ ജാതിയധിക്ഷേപം നടത്തിയതായും പരാതിയുണ്ട്.

ജോലി കഴിഞ്ഞ ശേഷം പെൺകുട്ടിയോട് നഴ്സായ മെഹ്നാസ് ഡോ.ഷാനവാസിനെ കാണാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചോടെ സഹപ്രവർത്തകയും ജുനൈദും ബലമായി മുറിയിൽ എത്തിച്ച ശേഷം വാതിൽ പൂട്ടുകയായിരുന്നു. പ്രതി ഡോ.ഷാനവാസും ഭാര്യയും ചേർന്നാണ് ആശുപത്രി നടത്തുന്നത്. ആശുപത്രി കെട്ടിടത്തിന് മുകളിലാണ് ഇവർ താമസിക്കുന്നതും. മുകളിലെ മുറിയിൽ എത്തിച്ചായിരുന്നു പീഡനം.

ആരോഗ്യ വകുപ്പ് സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷം ആശുപത്രി അടച്ചുപൂട്ടിയതായി ചീഫ് മെഡിക്കൽ ഓഫീസർ കുൽദീപ് സിംഗ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് (റൂറൽ) സന്ദീപ് കുമാർ മീണ അറിയിച്ചു. പെൺകുട്ടിയുടെ വീടിനടുത്തുള്ള ദിലാരി പോലീസാണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി മൊഴിയും രേഖപ്പെടുത്തി.

ഓഗസ്റ്റ് 9ന് പുലർച്ചെ കൊൽക്കത്തയിലെ ആർജി കർ സർക്കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനിയായ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി സുരക്ഷക്കായി നിയോഗിച്ചിരുന്ന സെക്യുരിറ്റി വിഭാഗത്തിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായത്. ആശുപത്രി മേധാവിയെയും കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ചോദ്യം ചെയ്തുവരികയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top