ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവം: പ്രധാനാധ്യാപികക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കാസര്‍കോഡ്: സ്‌കൂള്‍ അസംബ്ലിയില്‍ ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പ്രധാനാധ്യാപികക്കെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍. ചിറ്റാരിക്കല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ്സുകാരന്റെ മുടിയാണ് ബലമായി മുറിച്ചത്. മുടി വെട്ടാതെ ക്ലാസ്സിൽ എത്തിയതിന്റെ പേരിലാണ് പ്രധാനാധ്യപികയുടെ നടപടി.

ഒക്ടോബര്‍ 19ന് നടന്ന സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് ചിറ്റാരിക്കല്‍ പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പട്ടികജാതി / പട്ടിക വര്‍ഗ അതിക്രമം തടയല്‍, ബാലാവകാശ നിയമ പ്രകാരമാണ് കേസെടുത്തത്. പ്രധാനാധ്യാപിക ഷേര്‍ളിക്കെതിരെയാണ് കുട്ടിയുടെ അമ്മ പരാതി നല്‍കിയത്. സംഭവത്തിന് ശേഷം കുട്ടി സ്‌കൂളില്‍ പോയിട്ടില്ല. അധ്യാപികയുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയുടെ വിവരം സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ വിളിച്ചന്വേഷിക്കാത്തതിനെ തുടര്‍ന്നാണ് പോലീസിന് പരാതി നല്‍കിയത്.

സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് . സംഭവം ഞെട്ടിക്കുന്നതും കേരളത്തിന്റെ രാഷ്ട്രീയ – സാംസ്‌കാരിക അന്തരീക്ഷത്തിന് ഒട്ടും യോജിക്കാത്തതുമാണെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. പോലീസ് ഇക്കാര്യത്തില്‍ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top