മറ്റ് രാജ്യക്കാരുടെ അവസ്ഥ ഇന്ത്യക്കാർക്കുണ്ടായില്ല; ഡമാസ്കസിലെ ഭീകരത വിവരിച്ച് സിറിയയിൽ നിന്നും തിരിച്ചെത്തിയ ആദ്യ പൗരൻ
ആഭ്യന്തര യുദ്ധത്തിനിടയൽ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ഇടപെടലുകളെ പ്രശംസിച്ച് സിറിയയിൽ നിന്നെത്തിയ ആദ്യ ഇന്ത്യാക്കാരന്‍. കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയ 75 അംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണ് യുപി ഗാസിയാബാദ് സ്വദേശിയായ രവിഭൂഷൺ. ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ട മണിക്കൂറുകളിൽ തലസ്ഥാന നഗരമായ ഡമാസ്കസിലെ ഭയാനകമായ സാഹചര്യം അദ്ദേഹം വിവരിക്കുകയും കേന്ദ്ര സർക്കാരിൻ്റെ സഹായത്തിന് നന്ദി പറയുകയും ചെയ്തു.
ഇന്ത്യ നടത്തിയ രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായിട്ടാണ് നാട്ടിൽ എത്താൻ കഴിഞ്ഞത്. സിറിയയിൽ നിന്നും രക്ഷപ്പെട്ട ആദ്യ ടീമായിരുന്നു തൻ്റേത്. ഭക്ഷണത്തിനോ മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കോ ഒരു ബുദ്ധിമുട്ടും നേരിട്ടില്ല. ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ എംബസിയിൽ നിന്നും വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. പിന്നീടുള്ള ഒരോ മണിക്കൂറുകളിലും അപ്ഡേറ്റുകൾ ലഭിച്ചു കൊണ്ടേയിരുന്നതായി രവിഭൂഷൺ പറഞ്ഞു.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അനുഭവിക്കുന്ന ദുരിതങ്ങൾ കാണുമ്പോഴാണ് ഇന്ത്യക്കാർക്ക് ലഭിച്ച സേവനങ്ങൾ എത്ര മികച്ചതാണെന്ന് മനസിലാവുന്നത്. ലെബനനിലെ ഇന്ത്യൻ എംബസിയായുമായി സഹകരിച്ചാണ് പൗരൻമാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ഇരുരാജ്യങ്ങളിലെ എംബസിയും ഇന്ത്യൻ സർക്കാരും വളരെ നന്നായിട്ടാണ് ഇടപ്പെട്ടത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കൊച്ചുകുട്ടികളും സ്ത്രീകളും 4-5 ഡിഗ്രി താപനിലയിൽ, സംഘർഷഭരിതമായ സാഹചര്യത്തിൽ പത്ത് മണിക്കൂറിലേറെ പുറത്ത് നിൽക്കുന്നത് കണ്ടു. ആ കാഴ്ച ഹൃദയഭേദകവും മനസിൽ ഭയം നിറയ്ക്കുന്നതായിരുന്നു. അത്തരം അനുഭവങ്ങൾ ഇന്ത്യൻ പൗരൻമാർക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും രവിഭൂഷൺ പറഞ്ഞു.
കഴിഞ്ഞ മാസം 27നാണ് അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സിറിയയിൽ വീണ്ടും ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. തുർക്കി പിന്തുണയുള്ള ഹയാത്ത് തഹ്‌രീർ അൽ-ഷാമിൻ്റെ (എച്ച്‌ടിഎസ്) നേതൃത്വത്തിലുള്ള സിറിയൻ വിമതർ രാജ്യത്തിൻ്റെ നിയന്ത്രണം പിടിച്ചെടുക്കുകയായിരുന്നു. പദവിയിൽ നിന്നും പുറത്താക്കപ്പെട്ട പ്രസിഡൻ്റ് ബഷാർ അൽ അസാദ് മോസ്കോയിൽ രാഷ്ട്രീയാഭയം തേടുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here