അമേരിക്കൻ മോഡൽ ചമഞ്ഞ് 700ലേറെ യുവതികളുമായി ബന്ധം സ്ഥാപിച്ച ഡൽഹിക്കാരൻ പിടിയിൽ; കുടുങ്ങിയത് ഡേറ്റിംഗിലായ സ്ത്രീയുടെ പരാതിയിൽ
സോഷ്യൽ മീഡിയയിലൂടെയും ഡേറ്റിംഗ് ആപ്പിലൂടെയും നിരവധി സ്ത്രീകളെ കബളിപ്പിച്ച യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിൽ റിക്രൂട്ടറായി ജോലി ചെയ്യുന്ന തുഷാർ സിംഗ് ബിഷ്ത് (23) ആണ് അറസ്റ്റിലായത്. കിഴക്കൻ ഡൽഹിയിലെ ഷകർപൂരിൽ വച്ചാണ് ഇയാൾ പിടിയിലായത്.
ഡൽഹിക്കാരനായ തുഷാർ സോഷ്യൽ മീഡിയ വഴിയും ഡേറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലും യുഎസിൽ നിന്നുള്ള മോഡല്‍ലെന്ന വ്യാജേനെയാണ് ഇരകളെ വലയിലാക്കി കൊണ്ടിരുന്നത്. ഏകദേശം എഴുന്നൂറോളം സ്ത്രീകളെയാണ് ഇയാൾ മോഡൽ എന്ന പേരിൽ കബളിപ്പിച്ചത്. വാട്ട്സ്ആപ്പ്, സ്‌നാപ്ചാറ്റ്, ബംബിൾ അടക്കമുള്ള സോഷ്യൽ മീഡിയ, ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
സ്വന്തം ചിത്രത്തിന് പകരം ബ്രസീലിയൻ മോഡലുകളുടെ ചിത്രമാണ് പ്രതി ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇന്ത്യ സന്ദർശിക്കുന്ന യുഎസിൽ നിന്നുള്ള ഫ്രീലാൻസ് മോഡലായിട്ടാണ് ഇയാൾ പരിചയപ്പെടുത്തിയത്. അടുപ്പത്തിലായ സ്ത്രീകളുടെ വിശ്വാസം നേടിയ ശേഷം അവരുടെ ഫോൺ നമ്പറുകളും ഫോട്ടോകളും വീഡിയോകളും സൗഹൃദത്തിൻ്റെ മറവിൽ ആവശ്യപ്പെടുമായിരുന്നു.
പിന്നീട് ഇത്തരത്തിൽ അയച്ചുകൊടുത്ത ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമെന്നും അല്ലെങ്കിൽ ഡാർക്ക് വെബിൽ വിൽക്കുമെന്നുമായിരുന്നു ഭീഷണികൾ. 18-30 നും ഇടയിലുള്ള സ്ത്രീകളാണ് ഇരകളിൽ ഭൂരിഭാഗം പേരുമെന്നും പോലീസ് പറഞ്ഞു.
ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിനി നൽകിയ പരാതിയാണ് തുഷാറിനെ കുടുക്കിയത്. ബംബിളിലുടെ പരിചയപ്പെട്ട ഇവരുടെ സൗഹൃദം പിന്നീട് സ്നാപ്ചാറ്റ്, വാട്ട്സ്ആപ്പ് ചാറ്റുകളിലേക്ക് മാറുകയായിരുന്നു. തുടർന്ന് എസിപി അരവിന്ദ് യാദവിൻ്റെ മേൽനോട്ടത്തിൽ രൂപീകരിച്ച ഡൽഹി സൈബർ പോലീസിൻ്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
മൊബൈൽ ഫോൺ, ഒരു വെർച്വൽ ഇൻ്റർനാഷണൽ മൊബൈൽ നമ്പർ, ബാങ്കുകളുടെ 13 ക്രെഡിറ്റ് കാർഡുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ഡൽഹിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഒട്ടേറെ സ്ത്രീകളുമായുള്ള വാട്ട്‌സ്ആപ്പ് ചാറ്റ് റെക്കോർഡുകളും കണ്ടെടുത്തു. പരാതിക്കാരിയെ കൂടാതെ പല സ്ത്രീകളിൽ നിന്നും സമാനമായ രീതിയിൽ തുഷാർ പണം തട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here