വയോധികയെ മര്‍ദിച്ച മരുമകള്‍ അറസ്റ്റില്‍; പ്ലസ് ടു അധ്യാപികക്കെതിരെ വധശ്രമത്തിന് കേസ്

കൊല്ലം : കൊല്ലം തേവലക്കര നടുവിലക്കരയില്‍ വയോധികയെ മര്‍ദിച്ച മരുമകള്‍ അറസ്റ്റില്‍. ചവറ ലൂര്‍ദ്മാത സ്‌കൂളിലെ പ്ലസ്ടു അധ്യാപികയായ മഞ്ജുമോള്‍ തോമസാണ് ഭര്‍ത്താവിന്റെ അമ്മയെ ക്രൂരമായി മര്‍ദിച്ചതിന് അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ ക്രൂരമായ മര്‍ദനമേറ്റതിനെ തുടര്‍ന്ന് ഏലിയാമ്മ മുറിവുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. മുടിയില്‍ പിടിച്ച് വലിച്ച് നിലത്ത് തള്ളിയിട്ടെന്നും കൈയ്യില്‍ ഷൂസിട്ടു ചവിട്ടിയെന്നുമാണ് ഏലിയാമ്മ പരാതി നല്‍കിയിരിക്കുന്നത്.

മഞ്ജുമോള്‍ വയോധികയെ സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഒരു വര്‍ഷം മുമ്പ് ഇത്തരത്തില്‍ ഏലിയാമ്മയെ തള്ളി നിലത്തിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കൊച്ചുമക്കളുടെ മുന്നില്‍ വച്ചാണ് മര്‍ദനം. നടക്കാന്‍ ബുദ്ധിമുട്ടുന്ന വയോധിക ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മോശമായ വാക്കുകളോടെ തള്ളി താഴെയിട്ടത്. മകന്‍ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു മര്‍ദനമെല്ലാം നടന്നിരിക്കുന്നത്. മകന്റെ സുഹൃത്താണ് ഒരു വര്‍ഷം മുമ്പ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വീണിടത്ത് നിന്ന് ഏതാനും സെക്കന്‍ഡുകള്‍ കിടന്ന ശേഷം വയോധിക എഴുന്നേറ്റിരിക്കുന്നതും സഹായം അഭ്യര്‍ത്ഥിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വഴക്ക് ഒഴിവാക്കാം എന്നാണ് തള്ളിയിട്ട സമയത്തും വയോധിക പറയുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ട യുവതി മോശമായ രീതിയില്‍ വസ്ത്രം ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

വയോജന സംരക്ഷണ നിയമത്തിലെ വകുപ്പുകളും വധശ്രമം എന്നിവയടക്കം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top