ഒരു കൂട്ടർക്ക് സ്വിമ്മിംഗ് പൂൾ, പാട്ട് പാടി കറക്കാൻ പശുക്കൾ; ഓണത്തിന് പോലും എന്‍ഡോസള്‍ഫാന്‍ കുട്ടികള്‍ക്ക് ഒന്നുമില്ല; കുട്ടികളെ അൽവാറീസ് തിരുമേനിയെ ഏൽപ്പിച്ചുവെന്ന് ദയാഭായി

പനാജി: കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് അവഗണനയെന്നു ദയാബായി. വെള്ളിയാഴ്ച ഗോവയിൽ നടന്ന, അൽവാറീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ ചടങ്ങിന്റെ വേദിയിലാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ അവര്‍ പ്രതികരണം നടത്തിയത്.. കുട്ടികളുടെ പരിപാലനത്തിനായി സർക്കാരിന് മുന്നിൽ ഒട്ടേറെ ശ്രമങ്ങൾ നടത്തി വിഫലമായത് പരാമർശിച്ചാണ് ദയാ ബായി നിസ്സഹായതയും രോഷവും പങ്കുവച്ചത്. തുടർന്നാണ് വിമർശനം ഉന്നയിച്ചതും.

ദയാബായിയുടെ വാക്കുകള്‍ ഇങ്ങനെ: “എന്റെ മക്കൾക്ക് ജീവിക്കാൻ ഒരു സാധ്യതയും ഇല്ല. മാസം 2000 രൂപ പോലും കൊടുക്കാൻ ഇല്ലാതെ 5 മാസങ്ങളാണ് കുട്ടികൾ കരഞ്ഞത്. ഓണത്തിന് എങ്കിലും കിട്ടുമെന്ന് കരുതി, ഇല്ല. അതേസമയം, വേറൊരു കൂട്ടർക്ക് സ്വിമ്മിംഗ് പൂൾ, പാട്ട് പാടി കറക്കാൻ പശുക്കൾ, സൗകര്യങ്ങൾക്ക് ഒരു കുറവുമില്ല. ഞങ്ങൾക്കും ജീവിക്കണ്ടേ? ഞാൻ അധികം പറയുന്നില്ല. ഈ മക്കളെ ഞാൻ ഇന്നലെ അൽവാറീസ് തിരുമേനിയെ ഏൽപ്പിച്ചു.

അവാർഡ് എന്ന് കേൾക്കുമ്പോൾ സന്തോഷമാണ്. കാരണം, ജീവച്ഛവങ്ങളെപ്പോലെ, ജീവിക്കാൻ ഒരു വഴിയുമില്ലാതെ, പേക്കോലങ്ങളായി വീടിന്റെ ഉള്ളിൽ തന്നെ, കരയാനോ ചിരിക്കാനോ ഒന്നും സാധിക്കാതെ കഴിയുന്ന കുറെ കുട്ടികളുടെ അമ്മയാണ് ഇന്ന് ഞാൻ. ഓരോ അവാർഡും അവർക്ക് ഒരു ജീവിതം കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു അമ്മയ്ക്കുള്ള സന്തോഷമാണ്.” അവർ പറഞ്ഞു.

“കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ അവസ്ഥ കണ്ട് തകർന്നുപോയി. ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന് പറയുന്നിടത്ത് ജീവിക്കാൻ ഇത്ര കഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ. അതും ഭരണകൂടം ചെയ്തതിന്റെ ഫലമായി അനുഭവിക്കുന്നവർ. പലതും ചെയ്തു നോക്കി… സെക്രട്ടേറിയറ്റ് നടയിൽ അഞ്ച് ദിവസം നിരാഹാര സമരം നടത്തി. കുറെ വാഗ്ദാനങ്ങൾ കിട്ടി, വേറൊന്നുമില്ല. കഴിഞ്ഞ തവണയെങ്കിലും ഞാൻ ഓർത്തു എല്ലാം നേടിയെന്ന്. കുറെ വാഗ്ദാനങ്ങൾ എഴുതി നിറച്ച ഒരു കടലാസ് മാത്രം കിട്ടി, വേറൊന്നുമില്ല. ഏതാണ്ട് ഒരു വർഷം കഴിഞ്ഞു. കുറച്ചു ദിവസങ്ങൾ കൂടി കഴിയുമ്പോൾ ഞാൻ ഒരു ആഘോഷം നടത്തും, ‘കള്ള വാഗ്ദാനങ്ങൾ കിട്ടി കബളിപ്പിക്കപ്പെട്ടതിൻെറ ഓർമദിനം.”

എനിക്ക് നിരാഹാരത്തിൽ കിട്ടിയ സമ്മാനമാണ് ഈ ചട്ടുകാൽ. ഞാൻ ആരോഗ്യവതിയാണ്, ഒരു പ്രശ്നവുമില്ല. 83 വയസ്സ് മാത്രമേ ഉള്ളൂ. നിരാഹാര സമരം കഴിഞ്ഞ് എന്നെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഡോക്ടർമാർ പറഞ്ഞത്, നിങ്ങൾ ഇത്രയും ദിവസം ഉപവസിച്ചിട്ടും ഞങ്ങളെക്കാളും ഫിറ്റാണെന്നാണ്. പക്ഷേ, ഇത് ഇങ്ങനെ ആയിപ്പോയി, വയ്യാത്ത കാലിലേക്ക് ചൂണ്ടി അവർ പറഞ്ഞു.

ഇനിയും ഓടിയോടി സമരത്തിലേക്ക് തന്നെയാണ്. ഏതു വാതിലും മുട്ടും. നിങ്ങളൊക്കെ എന്റെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഈ കുട്ടികളുടെ രണ്ടു വാക്കുകൾ ഞാൻ നിങ്ങളോട് പറയുന്നു…

കവിത


കളിയില്ല ചിരിയില്ല കൂട്ടുകാരില്ല


കഥയില്ല കനവില്ല ജീവിതമില്ല


കണ്ണുണ്ടോ, കരളലിയും കാഴ്ചകൾ കാണാൻ


കാതുണ്ടോ, സ്വരമില്ലാ രോദനം കേൾക്കാൻ


ഒരു കൈതരൂ… ഒരു താങ്ങാകൂ.. നെഞ്ചോട് ചേർക്കൂ…


ഒരു ജീവിതം ഞങ്ങൾക്ക് നൽകൂ.. ഒരു ജീവിതം ഞങ്ങൾക്ക് നൽകൂ….

അവർ പറഞ്ഞു നിർത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top