കഴുത്ത് ഞെരിച്ച പോലീസിനെതിരെ നടപടിയില്ല; കോഴിക്കോട് ഡിസിസി ഹൈക്കോടതിയിലേക്ക്
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവര്‍ത്തകനെ ഡെപ്യൂട്ടി കമ്മിഷണർ കഴുത്ത് ഞെരിച്ച സംഭവത്തില്‍ കോഴിക്കോട് ഡിസിസി ഹൈക്കോടതിയിലേക്ക്. ജോയല്‍ ആന്റണി ഉള്‍പ്പടെയുള്ള കെഎസ്‌യുക്കാരെ പരുക്കേല്‍പ്പിച്ച ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ. ബൈജുവിനെതിരെ കേസെടുത്ത് സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചാണ് ഹര്‍ജി. അഡ്വ. ബാബു ജോസഫ് കുറുവത്താഴ മുഖേന ഇന്ന് ഹര്‍ജി സമര്‍പ്പിക്കും. ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നിലവില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
അതേസമയം സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ശനിയഴ്ചയാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ ജോയല്‍ ആന്റണിയെ ഡെപ്യൂട്ടി കമ്മിഷണർ കഴുത്ത് ഞെരിച്ചു പരുക്കേല്‍പ്പിച്ചത്. പരുക്കേൽക്കണം എന്ന ഉദ്ദേശത്തോടെയാണ് ഡിസിപി കഴുത്തിന് പിടിച്ചതെന്നാണ് ജോയല്‍ പറയുന്നത്. നിലവില്‍ ജോയലിനെ ഓര്‍ത്തോ ഡിപാര്‍ട്ട്‌മെന്റിലേക്ക് റെഫര്‍ ചെയ്തിരിക്കുകയാണ്.
“അമേരിക്കയിലെ മിനെപോളിസില്‍ വെളുത്ത വര്‍ഗക്കാരനായ പോലീസുകാരന്‍ ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണ്. എനിക്ക് ശ്വാസം മുട്ടുന്നുവെന്നാണ് ഫ്ലോയിഡ് അവസാനമായി പറഞ്ഞ വാക്കുകള്‍. ഡെപ്യൂട്ടി കമ്മിഷണര്‍ കഴുത്ത് ഞെരിക്കുമ്പോള്‍ ജോയല്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞതും എനിക്ക് ശ്വാസം മുട്ടുന്നുവെന്നാണ് അമേരിക്കയിലെ മിനെപോളിസില്‍ നിന്നും കോഴിക്കോടേക്കുള്ള ദൂരം അധികം ഇല്ലെന്ന് ബോധ്യപ്പെടുത്തിയ ക്രൂരമായ സംഭവമാണിതെന്നും” വി. ഡി സതീശന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here