ഹാ കഷ്ടമീ കാഴ്ചകള്‍; ലഹരിവിമോചന കേന്ദ്രങ്ങള്‍ നിറഞ്ഞു കവിയുന്നു; രണ്ട് മാസത്തിനിടെ അഡ്മിറ്റായത് 12,000ത്തിലധികം പേര്‍

സംസ്ഥാനത്തെ ലഹരി മോചനകേന്ദ്രങ്ങള്‍ ആളുകളെ കൊണ്ട് നിറയുകയാണെന്ന് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തി ആയവരും അല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 11,174 പേരെയാണ് ലഹരി മോചനകേന്ദ്രങ്ങളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 588 പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണെന്നും വിമുക്തിയെ ഉദ്ധരിച്ചു കൊണ്ട് ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇന്‍പേഷ്യന്റായി ചികിത്സ തേടിയത്. 1,446 പേരാണ് രണ്ട് മാസത്തിനിടയില്‍ പത്തനംതിട്ടയില്‍ വിമുക്തി കേന്ദ്രങ്ങളില്‍ അഡ്മിറ്റായത്.

നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന അത്യന്തം ഭയാനകമായ അവസ്ഥ വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. ഇതേ കാലയളവില്‍ 138,635 പേര്‍ ഔട്ട് പേഷ്യന്റായി വിവിധ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് ചികിത്സ തേടിയതായും റിപ്പോര്‍ട്ടിലുണ്ട്. 2021ല്‍ കേവലം 681 പ്രായപൂര്‍ത്തിയാകാത്തവര്‍ ചികിത്സ തേടിയ സ്ഥാനത്താണ്, രണ്ട് മാസത്തിനിടയില്‍ 588 പേര്‍ ചികിത്സക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടു എന്നത് കൗമാരക്കാരുടെ ഇടയിലെ ലഹരിയുടെ സ്വാധീനം വ്യക്തമാക്കുന്നു. ക്രമേണ ഈ നിരക്ക് വര്‍ദ്ധിച്ചതായും കാണാനുണ്ട്. 2022ല്‍ 1238, 2024ല്‍ 2885 ആയും ഉയര്‍ന്നിട്ടുണ്ട്.

ലഹരിയുടെ ഉപയോഗവും വിപണനവും തടയാനായി പോലീസും എക്‌സൈസും ചേര്‍ന്ന് നടത്തുന്ന ഡി- ഹണ്ട് ഒരുമാസം പിന്നിട്ടു. ഇക്കാലയളവില്‍ 7,038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളിലായി 7,307 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി 70,277 പരിശോധനയ്ക്ക് വിധേയമാക്കി. എംഡിഎംഎ – 3.952 കിലോഗ്രാം, കഞ്ചാവ് 461.562 കിലോഗ്രാം, കഞ്ചാവ് ബീഡി 5,132 എണ്ണം ഇക്കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് ഒന്നിലധികം തവണ ലഹരിക്കേസുകളില്‍ പിടിയിലായത് 497 പേരാണെന്നും എക്‌സൈസിന്റെ കണക്കുകള്‍. ഇതില്‍ 242 പേര്‍ അഞ്ചിലധികം കേസുകളില്‍ പ്രതികളാണ്. പതിനൊന്ന് സ്ത്രീകളും ഒന്നിലേറെ കേസുകളില്‍ പ്രതികളാണ്. കൊല്ലത്താണ് ഏറ്റവും കുടുതല്‍ പേര്‍ പ്രതികളായത്. 74 പേര്‍ പിടിയിലായി. രണ്ടാം സ്ഥാനം കോട്ടയത്തിനാണ് – 69 പേര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top