അനുശോചന യോഗത്തിനിടയില്‍ ‘പരേതന്‍’ പ്രസന്റായി; കണ്‍ഫ്യൂഷനടിച്ച് പോലീസും വീട്ടുകാരും.

‘പ്രീയമുള്ളവരേ, അകാലത്തില്‍ നമ്മളെ വിട്ടുപിരിഞ്ഞ പ്രീയ സഹോദരന്‍ പിന്റു എന്ന് നമ്മള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ബ്രിജേഷ് സൂത്താറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു – ‘ അനുശോചന പ്രാസംഗികന്‍ ദു:ഖവും സങ്കടവും കലര്‍ന്ന ശബ്ദത്തില്‍ പ്രസംഗിക്കുന്നതിനിടയില്‍ ട്വിസ്റ്റ്. ദാ, പരേതന്‍ വേദിയിലേക്ക് വരുന്നു. പ്രേതമാണോ, ആത്മാവാണോ എന്നൊക്കെ ഓര്‍ത്ത് ബന്ധുക്കള്‍ക്കും സുഹ്‌റുത്തുക്കള്‍ക്കും ആകെ മൊത്തം കണ്‍ഫ്യൂഷന്‍. മരിച്ചെന്ന് കരുതി ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയ പിന്റു തന്നെയാണ് തിരിച്ചു വന്നതെന്നറിഞ്ഞപ്പോള്‍ വേണ്ടപ്പെട്ടവരുടെ സന്തോഷം ഇരട്ടിയായി.

ഗുജറാത്തിലെ മെഹ്‌സന ജില്ലയിലെ വിജാപൂര്‍ വില്ലേജിലാണ് വിചിത്രമായ അനുശോചന യോഗവും പരേതന്റെ മടങ്ങി വരവും ഈ മാസം 16ന് സംഭവിച്ചത്. നരോദ ടൗണില്‍ ഇടത്തരം ബിസിനസുകള്‍ നടത്തിവന്ന 43 കാരനായ ബ്രിജേഷിനെ കഴിഞ്ഞ മാസം 27 മുതല്‍ കാണാതായി. ബിസിനസ് ആവശ്യത്തിനായി യാത്ര പോകുന്നു എന്ന് പറഞ്ഞ് വീട് വിട്ട ഇയാളെക്കുറിച്ച് വിവരമൊന്നും കിട്ടാതെ വന്നതോടെ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ ഈ മാസം 10 ന് നരോദ പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍ വിളി എത്തി – സബര്‍മതി നദീതീരത്ത് ഒരു അജ്ഞാത ജഡം അടിഞ്ഞിരിക്കുന്നു എന്നായിരുന്നു പോലീസ് അറിയിച്ചത്. ബന്ധുക്കളും അയല്‍വാസികളും സ്ഥലത്തെത്തി ജഡം പരിശോധിച്ചു. അഴുകിയ നിലയില്‍ കണ്ട മൃതദേഹത്തിലെ ചില അടയാളങ്ങളും ശരീര വലിപ്പവും മറ്റും ബ്രിജേഷിനോട് സാമ്യമുള്ളതായിരുന്നു. പോലിസ് നടപടിക്രമങ്ങള്‍ക്ക് ശേഷം ശരീരം ഏറ്റുവാങ്ങി മരണാനന്തര കര്‍മ്മങ്ങള്‍ നടത്തി ദഹിപ്പിച്ചു.

എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായ പിന്റു എന്ന ബ്രിജേഷിന്റെ ഓര്‍മ്മകള്‍ പങ്കിടാനായി ചേര്‍ന്ന അനുസ്മരണ യോഗത്തിനിടയിലാണ് നാടകീയമായി പരേതന്‍ വന്നു കയറിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഇയാള്‍ വീടു വിട്ടതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ ഭിത്തിയില്‍ പടമായി തീര്‍ന്ന മനുഷ്യന്‍ തിരിച്ചു വന്നതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. ഇപ്പോള്‍ ബ്രിജേഷിന്റേത് എന്ന പേരില്‍ ദഹിപ്പിച്ചത് ആരുടെ മൃതദേഹം എന്ന ചോദ്യത്തിന് മറുപടി തേടുകയാണ് നരോദ പോലീസും ബന്ധുക്കളും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top