മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; പങ്കാളിക്ക് അന്തിമോപചാരം അർപ്പിക്കാം
കൊച്ചി: ഫ്ലാറ്റിൽ നിന്ന് വീണു മരിച്ച എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ട മനുവിന്റെ മൃതദേഹം കുടുംബം ഏറ്റെടുത്തു. മനുവിന്റെ പങ്കാളിയായ ജെബിന് കളമശ്ശേരി മെഡിക്കൽ കോളജിൽവച്ച് അന്തിമോപചാരം അർപ്പിക്കാനും കോടതി അനുമതി നൽകി. പണം കെട്ടിവയ്ക്കാൻ കഴിയാത്തതിനാൽ ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടുനൽകുന്നില്ലെന്ന് കാണിച്ച് ജെബിൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വർഗാനുരാഗികളായിരുന്ന ഇവരുടെ ബന്ധം മനുവിന്റെ വീട്ടിൽ അംഗീകരിച്ചിരുന്നില്ല. ഇക്കാരണം കൊണ്ട് മനുവിന്റെ മൃതദേഹം ഏറ്റെടുക്കാനും ആദ്യം വീട്ടുകാർ തയ്യാറായില്ല. തുടർന്നാണ് ജെബിൻ കോടതിയെ സമീപിച്ചത്.
കേരളത്തില്‍ വിവാഹിതരായ മൂന്നാമത്തെ ഗേ ദമ്പതികളാണ് മനുവും ജെബിനും. എന്നാല്‍ വിവാഹം നിയമപരമല്ലാത്തതിനാല്‍ അനന്തരാവകാശിയായി കണക്കാക്കി ജെബിന് മൃതദേഹം വിട്ടുനല്‍കാന്‍ കഴിയില്ലെന്നായിരുന്നു ആശുപത്രി നിലപാട്. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ മൃതദേഹം വിട്ടുനൽകാൻ തയ്യാറാണെന്ന് ആശുപത്രി അധികൃതർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന സാഹചര്യത്തിൽ അവരുടെ അഭിപ്രായം കൂടി അറിയാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് മൃതദേഹം ഏറ്റെടുക്കാൻ സമ്മതമാണെന്ന് വീട്ടുകാർ അറിയിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മനുവിന്റെ നാടായ കണ്ണൂരിലേക്ക് കൊണ്ട് പോകും. മൃതദേഹത്തെ അനുഗമിക്കാൻ അനുവദിക്കണമെന്ന് ജെബിൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മനുവിന്റെ സഹോദരനോട് സംസാരിച്ച് തീരുമാനിക്കാനാണ് കോടതി നിർദേശിച്ചത്.
ഈ മാസം മൂന്നിന് പുലർച്ചെയാണ് ഫോൺ ചെയ്യാൻ ടെറസിലേക്ക് പോയ മനു കാലുതെന്നി താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേ ദിവസം മരിച്ചു. ആശുപത്രി ചികിത്സക്ക് ചിലവായ 1.30 ലക്ഷം രൂപ തന്റെ കയ്യിൽ ഇല്ലെന്നും മൃതദേഹം വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടാണ് ജെബിൻ കോടതിയെ സമീപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here