അതിഥിത്തൊഴിലാളിയുടെ മരണം ആൾക്കൂട്ടക്കൊലപാതകമെന്ന് പോലീസ്; നെഞ്ചിൽ ക്ഷതമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പത്തുപേർ കസ്റ്റഡിയിൽ
എറണാകുളം: മുവാറ്റുപുഴയിൽ അതിഥിത്തൊഴിലാളി മരിച്ചത് ആൾക്കൂട്ട മർദ്ദനത്തെ തുടർന്നെന്ന നിഗമനത്തിൽ പോലീസ്. തലയിലും നെഞ്ചിലുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്. അരുണാചൽ പ്രദേശ് സ്വദേശിയായ അശോക് ദാസ് (24) ആണ് മരിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. കൂടുതൽപ്പേർ ഇതിൽ പങ്കാളികളാണെന്നാണ് പോലീസിന്റെ നിഗമനം. വ്യാഴാഴ്ച രാത്രി വാളകം കവലയിലാണ് സംഭവം നടന്നത്. പെൺസുഹൃത്തിനെ കാണാൻ എത്തിയ അശോകിന് നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. രണ്ട് സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലെത്തിയതാണ് ചോദ്യം ചെയ്തത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.
പുലർച്ചയോടെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. കൈയിൽ രക്തം വാർന്നൊഴുകിയ നിലയിലാണ് പോലീസ് ഇയാളെ മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ ഇയാൾ മദ്യപിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ അശോക് ദാസിനെതിരെ പെൺസുഹൃത്ത് പരാതിയൊന്നും ഇതുവരെ നൽകിയിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here