‘പ്രസവം വീട്ടിൽ മതിയെന്ന് നിയാസിന്റെ നിർബന്ധം, ആശ പ്രവർത്തകരെ വീട്ടിൽ കയറാൻ അനുവദിക്കില്ല’; ഷെമീറയ്ക്ക് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം

തിരുവനന്തപുരം: നേമത്ത് വീട്ടിൽവച്ച് നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണം. ഷെമീറക്ക് കൃത്യമായി ചികിത്സ നൽകാത്തതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് വിവരം. പലതവണ ആശുപത്രിയിൽ കാണിക്കാൻ ആവശ്യപ്പെട്ടിട്ടും ഷെമീറയുടെ ഭർത്താവ് നിയാസ് അതിന് തടസം നിൽക്കുകയായിരുന്നെന്ന് നേമം വാർഡ് കൗൺസിലർ യു.ദീപിക മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പാലക്കാട് സ്വദേശിയാണ് ഷെമീറ. മണക്കാടാണ് നിയാസിന്റെ വീട്. നിയാസിനെ നേമം പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഒൻപത് മാസത്തോളമായി നേമത്തെ പഴയ കാരയ്ക്കാമണ്ഡപത്ത് വാടകക്ക് താമസിക്കുകയായിരുന്നു ഷെമീറയും ഭർത്താവ് നിയാസും. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. അയൽവാസികളുമായി നിയാസ് നല്ല ബന്ധത്തിൽ അല്ലായിരുന്നു. “ഷെമീറ ഗർഭിണിയാണെന്ന് എട്ടാം മാസത്തിലാണ് ഞങ്ങൾ അറിയുന്നത്. അടുത്തുള്ളവരോട് സംസാരിക്കാൻ ഇയാൾ ഭാര്യയെ അനുവദിച്ചിരുന്നില്ല. ആശ വർക്കർമാർ എത്തി ആശുപത്രിയിൽ കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും. ഭാര്യയുടെ കാര്യം നോക്കാൻ തനിക്കറിയാമെന്നാണ് പറഞ്ഞത്. ഞാൻ ഒരു ദിവസം ബലമായി വാതിൽ തുറന്ന് കേറി ഷെമീറയോട് സംസാരിച്ചു. അവർക്ക് ആശുപത്രിയിൽ പോകാൻ താൽപര്യം ഉണ്ടായിരുന്നു. ഭർത്താവിനെ ഭയന്നാണ് പോകാത്തത്. പ്രസവം വീട്ടില്‍ നടത്താന്‍ ഭര്‍ത്താവിനായിരുന്നു നിര്‍ബന്ധം”; കൗൺസിലർ പറഞ്ഞു. ആദ്യ വിവാഹത്തിൽ ഷെമീറക്ക് ഒരു മകനുണ്ട്. നേരത്തെയുള്ള മൂന്ന് പ്രസവവും സിസേറിയൻ ആയിരുന്നു. ഷെമീറയുടെ പ്രസവരക്ഷയ്ക്കായി നിയാസിന്റെ ആദ്യ വിവാഹത്തിലെ മകളെ വീട്ടിൽ കൊണ്ട് നിർത്തിയിരുന്നു എന്നാണ് വിവരം.

ഇന്നലെ വൈകിട്ടോടെയാണ് ഷെമീറയുടെ ആരോഗ്യ സ്ഥിതി മോശമായത്. വീട്ടിൽ പ്രസവം നടക്കുന്നതിനിടെ അമിത രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയും കുഞ്ഞും മരിക്കുകയായിരുന്നു. ഷെമീറയുടെ വീട്ടുകാർ വിവരമറിഞ്ഞ് എത്തിയിട്ടുണ്ട്. ഷെമീറയുമായി ഫോണിൽ സംസാരിക്കാൻ നിയാസ് അനുവദിക്കില്ലായിരുന്നെന്നും ആരോഗ്യ സ്ഥിതി മോശമായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top