നാലാം ദിനവും വില്ലനായി മഴ; മുണ്ടക്കൈ ദുരന്തത്തിൽ മരണം 297 ആയി

വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 297 ആയി. ഇവരിൽ 23 പേർ കുട്ടികളാണ്. 29കുട്ടികൾ ഉൾപ്പെടെ ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. നാലാം ദിനവും ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ദുരന്തബാധിത പ്രദേശത്തെ ആറ് സോണുകളായി തിരിച്ചാണ് തിരച്ചിൽ.
40 പേരടങ്ങുന്ന സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. സൈന്യം, എൻഡിആർഎഫ്, ഡിഎസ്‌ജി, കോസ്റ്റ് ഗാർഡ്, നേവി എന്നിവർ ഉൾപ്പെടുന്ന സംയുക്ത സംഘത്തിൽ ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടാവും. പ്രദേശത്ത് തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും നാലാം ദിവസവും തിരച്ചിൽ ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല,ചൂരൽമല പുഴയുടെ അടിവാരം എന്നിങ്ങനെ യഥാക്രമം ആറു സോണുകളായിട്ടാണ് തിരിച്ചിട്ടുള്ളത്. ദുരന്തഭൂമിയിൽ നിന്നും മൃതദേഹം ഒഴുകിയെത്തിയ നിലമ്പൂർ ചാലിയാറിൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഇന്ന് തിരച്ചിൽ നടത്തും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും നിലമ്പൂർ ഉൾവനവും കേന്ദ്രീകരിച്ചാവും പ്രവർത്തനങ്ങൾ.
മുണ്ടക്കൈയേയും ചൂരൽമലയേയും ബന്ധിപ്പിച്ച് സൈന്യം നിർമിച്ച ബെയ്‌ലി പാലം തുറന്നതോടെ തിരച്ചിൽ കൂടൂതൽ വേഗത്തിലാകും. ഇതുവഴി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും വാഹനങ്ങളും ദുരന്തബാധിത പ്രദേശത്ത് എത്തിക്കും. റഡാർ സംവിധാനവും,ഹെലികോപ്റ്ററുകളും ദൗത്യത്തിന് ഉപയോഗിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here