മുണ്ടക്കൈ ദുരന്തത്തില്‍ മരണസംഖ്യ 120 ആയി; 48 പേരെ തിരിച്ചറിഞ്ഞു
ഉരുൾപൊട്ടലിൽ മരണസംഖ്യ 120 ആയി. മരിച്ചവരിൽ ഏഴുപേർ കുട്ടികളാണ്. ദുരന്തബാധിത പ്രദേശത്ത് താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു.130ലേറെ പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ 91 പേരും മേപ്പാടി ഹെൽത്ത് സെന്ററിൽ 27 പേരും കല്‍പ്പറ്റ ഗവ. ആശുപത്രിയിൽ 13 പേരുമാണ് ചികിത്സയിലുള്ളത്. 98 പേരെ കാണാനില്ലെന്നാണ് വിവരം.
മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 48പേരെ ഇതുവരെ തിരിച്ചറിഞ്ഞു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 41ഉം വിംസ് ആശുപത്രിയിൽ മൂന്നും ബത്തേരി താലൂക്ക് ആശുപത്രിയിൽ ഒന്നും മൃതദേഹങ്ങളാണുള്ളത്. 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീയാക്കി. പോസ്റ്റ്‌മോര്‍ട്ടം വേഗത്തിലാക്കാന്‍ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.
കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘവും ഉടൻ വയനാട്ടിലെത്തും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ കണ്ടെത്താൻ ഡിഎൻഎ പരിശോധനക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തി. അധിക മോര്‍ച്ചറി സൗകര്യങ്ങളും മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ചാലിയാറിൽ നിലമ്പൂരിനടുത്ത് പോത്തുകല്ല് ഭാഗത്തുനിന്ന് 26പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് ഇതുവരെ ഒഴുകിയെത്തിയത്. പലതും ശരീര ഭാഗങ്ങൾ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. ചാലിയാറിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ 7 മുതല്‍ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും.
അനുകൂല കലാവസ്ഥ അല്ലാത്തതിനാൽ രാവിലെ തിരിച്ചുപോയ വ്യോമസേനയുടെ ഹെലികോപ്റ്റർ ചൂരല്‍മലയിലെ ദുരിതമേഖലയില്‍ ഇറക്കി. ഉരുള്‍പൊട്ടലില്‍ പരുക്കേറ്റവരെയും അടിയന്തര സഹായം ആവശ്യമായവരെയുമാണ് ഹെലികോപ്റ്ററില്‍ ആദ്യഘട്ടത്തിൽ രക്ഷപ്പെടുത്തിയത്. അവശേഷിക്കുന്നവരെ റോപ്പിലൂടെയും താല്‍ക്കാലിക പാലത്തിലൂടെയും പുറത്തെത്തിക്കാനുമാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം.
മുണ്ടക്കൈ ഭാഗത്ത് നിന്ന് പരുക്കേറ്റവരെ രക്ഷാപ്രവർത്തകർ ജീപ്പില്‍ പുഴയ്ക്കരിലേക്ക് എത്തിക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായി തുടർന്നാൽ ഇവരെയും എയര്‍ ലിഫ്റ്റിംഗ് നടത്താനാണു ശ്രമമെന്നാണ് റിപ്പോർട്ടുകൾ. എന്‍ഡിആര്‍എഫും സൈനികരും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. രക്ഷാപ്രവർത്തനം തുടരുന്നതിനിടയിൽ നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടുകയായിരുന്നു. പിന്നീട് ഇന്ന് പകലും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ട് ഉരുൾപൊട്ടിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here