234 മരണങ്ങൾ; ഞെട്ടിച്ച ആറ് അപകടങ്ങള്‍; വ്യോമയാന മേഖലയ്ക്ക് ഇരുണ്ട മാസമായി ഡിസംബര്‍

ഈ ഡിസംബര്‍ വ്യോമയാന രംഗത്തിന് ഇരുണ്ട മാസമാണ്. ദക്ഷിണ കൊറിയയില്‍ ജെജു എയര്‍ വിമാനം തകര്‍ന്നു 177 പേരാണ് കൊല്ലപ്പെട്ടത്. വ്യോമയാന സുരക്ഷയുടെ കാര്യത്തിൽ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള രാജ്യത്താണ് ഈ ദുരന്തം നടന്നത്. വിമാന സുരക്ഷയെക്കുറിച്ച് ഒട്ടനവധി ചോദ്യങ്ങളാണ് ഇത്തരം അപകടങ്ങള്‍ ഉയര്‍ത്തുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽ നിന്ന് തെന്നിമാറി കോൺക്രീറ്റ് വേലിയിലേക്ക് ഇടിച്ചുകയറിയ വിമാനം അഗ്നികുണ്ഠമായാണ് മാറിയത്.

ഡിസംബർ 25ന് അസർബൈജാൻ എയർലൈൻസിൻ്റെ വിമാനം കസാക്കിസ്ഥാനിലെ അക്താവു വിമാനത്താവളത്തിന് സമീപം തകർന്ന് 38 പേരാണ് മരിച്ചത്. 67 വിമാനയാത്രക്കാരിൽ ബാക്കിയുള്ളവര്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ബാക്കുവിൽ നിന്ന് ഗ്രോസ്‌നിയിലേക്ക് പറക്കുകയായിരുന്നു വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ഡിസംബർ 22ന് തെക്കൻ ബ്രസീലിലെ ഗ്രാമഡോ നഗരത്തിൽ സ്വകാര്യ വിമാനം തകർന്ന് ഒരു കുടുംബത്തിലെ 10 പേർ മരിച്ചു. വിമാനം പറത്തിയ ബ്രസീലിയൻ വ്യവസായി ലൂയിസ് ക്ലോഡിയോ ഗലേസിയും ഭാര്യയും മൂന്ന് പെൺമക്കളും മറ്റ് ബന്ധുക്കളുമാണ് അപകടത്തിൽ മരിച്ചത്.

ഇതേ ദിവസം തന്നെ പാപുവ ന്യൂ ഗിനിയയിൽ നോര്‍ത്ത് കോസ്റ്റ് ഏവിയേഷന്റെ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നു വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു. വാസു എയർപോർട്ടിൽ നിന്ന് ലേ-നാഡ്‌സാബ് എയർപോർട്ടിലേക്ക് ചാര്‍ട്ടര്‍ ചെയ്തതായിരുന്നു ഈ വിമാനം. ഈ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുകയാണ്.

അർജൻ്റീനയിലെ സാൻ ഫെർണാണ്ടോ വിമാനത്താവളത്തിന് സമീപം ചലഞ്ചർ 300 വിമാനം തകർന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. പൂണ്ട ഡെൽ എസ്റ്റെ എയർപോർട്ടിൽ നിന്ന് സാൻ ഫെർണാണ്ടോ എയർപോർട്ടിലേക്കുള്ള പറക്കലിലാണ് അപകടം വന്നത്. വിമാനത്താവളത്തിലെ റൺവേ ആണോ അപകടത്തിന് വഴിവച്ചത് എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.

ഡിസംബർ 17 ന് ഹവായി ഹോണോലുലു ഡാനിയൽ കെ ഇനോയി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കമാക്കാ എയറിന്റെ വിമാനം തകര്‍ന്നു രണ്ട് പൈലറ്റുമാരും മരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നുണ്ടെങ്കിലും അപകട കാരണം പരിശോധിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top