നാലിടങ്ങളിൽ സ്ഥാനാർത്ഥികളില്ലാതെ ബിജെപി, വൈകുന്നത് വോട്ടുകച്ചവടത്തിനെന്നാക്ഷേപം, വയനാട്ടിൽ പോലും ആളെ ഇറക്കാത്തതിൽ അമർഷം പുകയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സജീവമായിട്ടും ബിജെപി നാല് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതിൽ ദുരുഹത. തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോഴും നാല് മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയാതെ എന്‍.ഡി.എ മുന്നണി വിയര്‍ക്കുന്നത്.

മുന്നണിയിലെ മുഖ്യപാര്‍ട്ടിയായ ബിജെപിയാണ് എറണാകുളം, ആലത്തൂര്‍, കൊല്ലം, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ നെട്ടോട്ടമോടുന്നത്. മറ്റുപാര്‍ട്ടികളില്‍നിന്നുള്ള പ്രമുഖരെ ചൂണ്ടയിട്ടാണ് കാത്തിരിപ്പ്. ഇവര്‍ ബിജെപിയിലേക്ക് എത്തുമെന്നും ഇവര്‍ക്കായാണ് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നതെന്നും അടക്കം പറച്ചിലുണ്ട്. തിരഞ്ഞെടുപ്പ് നടക്കാൻ 38 ദിവസം മാത്രം ബാക്കിയുള്ളപ്പോഴും സ്ഥാനാർത്ഥികളെ നിശ്ചയിക്കാത്തതിന് മറ്റ് ചില കാരണങ്ങളുണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത്. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും സ്ഥാനാർത്ഥികളെ പോലും നിശ്ചയിക്കാൻ കഴിവില്ലാത്ത പാർട്ടിക്കെന്തിന് വോട്ട് നൽക്കണമെന്ന വാദവും സജീവമാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇരട്ട അക്ക നേട്ടം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അവകാശപ്പെടുമ്പോഴാണ് സ്ഥാനാർത്ഥികളെപ്പോലും നിശ്ചയിക്കാനാവാത്ത ഗതികേടിൽ പാർട്ടി ചെന്നുപെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് തവണയാണ് നരേന്ദ്രമോദി കേരളം സന്ദർശിച്ചത്.

ദീര്‍ഘകാലമായി പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞ് സ്ഥാനമോഹികള്‍ക്കായി സീറ്റ് മാറ്റിവയ്ക്കുന്നതിലും നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ പരാതിയുണ്ട്. ഈ അമർഷം മുൻ പ്രസിഡൻ്റ് സി.കെ. പത്മനാഭൻ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് പാർട്ടികളിൽ നിന്ന് ബിജെപി കൊട്ടിഘോഷിച്ചു കൊണ്ടു വന്നവരുടെ ഒപ്പം അവിടെ നിഴലുകൾ പോലുമില്ലെന്ന പരിഹാസമാണ് പത്മനാഭൻ ഉയർത്തിയത്. നാലാളുകളുടെ പിന്തുണ പോലുമില്ലാത്തവരെ കെട്ടിയിറക്കുന്നതിലെ അമർഷമാണ് പത്മനാഭൻ പരസ്യമായി പ്രകടിപ്പിച്ചത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുന്‍പേ സ്ഥാനാർത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. ബിജെപിയുടെ ഏറ്റവും വലിയ എതിരാളിയായ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ പോലും ഇതുവരെ ഒരു സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ കഴിഞ്ഞിട്ടില്ലാ എന്നത് തന്നെ പാര്‍ട്ടിക്ക് നാണക്കേടായി മാറിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top