ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം; മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജും; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്. ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരട്ടുണ്ട്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കത്ത് പൂര്‍ണ രൂപത്തില്‍

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top