മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മിഷന്‍ ചെയ്യണം; ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ്
മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മിഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേന്ദ്ര ജലകമ്മീഷന്‍ 1979ല്‍ തന്നെ ഡാം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ വര്‍ഷം ഇത്രയും കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇടുക്കിയിലെ ജനങ്ങളുടെ ജീവന് ആശങ്കയുണ്ടാക്കുന്ന ജല ബോംബായി ഡാം നിലനില്‍ക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് ചൂണ്ടികാട്ടി.
ഡാമിന് ഏതാണ്ട് 130 വര്‍ഷത്തോളം പഴക്കമുണ്ട്. നിര്‍ഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലെ അഞ്ചു ജില്ലകളിലുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാകും. ഭൂകമ്പ സാധ്യത കൂടുതലുള്ള പ്രദേശമാണ് മുല്ലപ്പെരിയാര്‍ എന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. അതിനാല്‍ ഡാം ഡീക്കമ്മിഷന്‍ ചെയ്യണം. ജലവിതരണത്തില്‍ തമിഴ്നാടുമായി നിലനില്‍ക്കുന്ന കരാറിനെ ബാധിക്കാതെ പുതിയ ഡാം നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.
2021 ലെ ഡാം സുരക്ഷാ നിയമപ്രകാരം ദേശീയ ഡാം സുരക്ഷാ അതോറിറ്റിയും ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. കേരളത്തിന് സുരക്ഷാ തമിഴ്‌നാടിനു ജലം എന്ന നിലപാടാണ് കേരളം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. നിര്‍മ്മാണം ഏറ്റെടുക്കാന്‍ കേരളം എപ്പോഴും തയ്യാറാണ്.. രണ്ടു സംസ്ഥാനങ്ങളെയും വിശ്വാസത്തിലെടുത്ത് ചര്‍ച്ചനടത്തി സമവായം കണ്ടെത്തി പുതിയ ഡാം നിര്‍മ്മിക്കുവാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്നും അടിയന്തിര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here