‘ലൂസിഫര്‍’ പോലെയല്ല, ‘എംപുരാനി’ല്‍ ഐറ്റം സോങ് ഇല്ല; സ്വന്തം ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് ആത്മവിശ്വാസത്തിലും സന്തോഷത്തിലുമാണെന്ന് ദീപക് ദേവ്
2019ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എല്‍2: എംപുരാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് എംപുരാന്‍. മലയാള സിനിമ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ലൂസിഫറിന്റെ സംഗീത സംവിധായകന്‍ ദീപക് ദേവ് തന്നെയാണ് എംപുരാന് വേണ്ടിയും സംഗീതം ഒരുക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്ന് ദീപക് ദേവ് സ്ഥിരീകരിച്ചു. സംവിധായകന്‍ പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് വലിയ ആത്മവിശ്വാസത്തിലും സന്തോഷത്തിലുമാണെന്ന് റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപക് ദേവ് പറഞ്ഞു. പൃഥ്വിരാജ് എന്തെങ്കിലും പുതിയ സീന്‍ ചിത്രീകരിച്ചു കഴിഞ്ഞാല്‍ തനിക്ക് മെസ്സേജ് അയക്കുമെന്നും ബാക്കിയെല്ലാം ദീപക്കിന്റെ കയ്യിലാണെന്ന് പറയുകയും ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ ഇത്തരം മെസ്സേജുകള്‍ തനിക്ക് വല്ലാത്ത ടെന്‍ഷനാണെന്നും ദീപക് കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ സ്‌പോട്ട് എഡിറ്റിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം പൃഥ്വിരാജ് തനിക്ക് കുറച്ച് സീനുകള്‍ അയച്ചുതന്നതായും ദീപക് ദേവ് വെളിപ്പെടുത്തി. പൃഥ്വിരാജിന്റെ മനസിലുള്ളതു പോലെ തന്നെയാണ് സിനിമ ഒരുങ്ങിവരുന്നതെന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു. ലൂസിഫറിലെ ‘റഫ്താര’ എന്ന പാട്ട് പോലെ എംപുരാനില്‍ ഐറ്റം സോങ് ഉണ്ടാകില്ലെന്നും എന്നാല്‍ മോഹന്‍ലാലിന് വേണ്ടി ചിത്രത്തിന്റെ മൂഡിനനുസരിച്ച് ചില പാട്ടുകള്‍ ഉണ്ടെന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here