സിപിഎം ഗുണ്ടായിസത്തിന് അറുതി വേണമെന്ന് ദീപിക; ബംഗാളും ത്രിപുരയും ഓര്‍ത്താല്‍ നല്ലതെന്ന് എഡിറ്റോറിയല്‍

കോട്ടയം : സിപിഎമ്മും അവരുടെ അണികളും സംസ്ഥാനത്ത് അരാജകത്വം അഴിച്ചുവിട്ടിരിക്കുകയാണെന്ന് കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക. ‘ നാട്ടില്‍ എന്ത് ഗുണ്ടായിസം കാണിച്ചാലും തൊഴിലാളിവര്‍ഗ പാര്‍ട്ടിയില്‍ അംഗത്വമുണ്ടെങ്കില്‍ അത് സമത്വസുന്ദരവും അനീതിരഹിതവുമായ ഭാവിയിലേക്കുള്ള വിപ്ലവത്തിന്റെ ഭാഗമായിരിക്കും. ഗുണ്ട വിപ്ലവകാരിയായിരിക്കും. മറ്റ് പാര്‍ട്ടികളിലുള്ളവര്‍ ബുര്‍ഷ്വാസിയും തൊഴിലാളി പാര്‍ട്ടിയില്‍ അംഗങ്ങളായവര്‍ അധ്വാനിക്കുന്ന ജനവിഭാഗവുമാണെല്ലോ’. നവകേരള സദസ്സിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ പോലീസിനേയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരേയും ഉപയോഗിച്ച് അടിച്ച് ഒതുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് മുഖപ്രസംഗത്തിലൂടെ ദീപിക ഉയര്‍ത്തിയിരിക്കുന്നത്.

അധികാര തണലില്‍ കോടികള്‍ സമ്പാദിക്കുകയും ആര്‍ഭാട ജീവിതം നയിക്കുകയും ചെയ്യുന്ന നേതാക്കളാണ് സിപിഎമ്മിലുള്ളത്. അവര്‍ അഴിമതി നടത്തിയാലും ബാങ്ക് കവര്‍ച്ച നടത്തിയാലും പാര്‍ട്ടിതലത്തില്‍ അന്വേഷിക്കുന്നതുകൊണ്ട് പാര്‍ട്ടിക്കാരുടെ സത്യസന്ധതയേയും സുതാര്യതയേയും കുറിച്ച് വേവലാതിപെടേണ്ട. പാര്‍ട്ടിയുടെ യുവജന,വിദ്യാര്‍ത്ഥി സംഘടനകളില്‍പ്പെട്ടവര്‍ എത്ര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടാലും പഠിക്കാതേയും പരീക്ഷയെഴുതാതേയും ഉന്നത വിജയം നേടുകയും പദവികളില്‍ എത്തുകയും ചെയ്യുകയാണ്. പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാര്‍ക്ക് ഏത് സ്ഥാനവും കിട്ടുന്ന അവസ്ഥയുണ്ട്. അഴിമതി നടത്തി നാട് നശിപ്പിച്ചാലും പാര്‍ട്ടി നേതാക്കളുടെ പ്രത്യശാസ്ത്ര വിശദീകരണം മറ്റുള്ളവര്‍ വിശ്വസിച്ചാല്‍ മതിയെന്നാണ് ഇവരുടെ വാദം. എതിരാളികളെ തല്ലിയൊതുക്കുന്നവരും വെട്ടിയും കുത്തിയും കൊല്ലുന്നവരും സാമൂഹ്യവിരുദ്ധരാകുന്നില്ല. അവര്‍ വിപ്ലവകാരികളെന്നാണ് പാര്‍ട്ടി പറയുന്നത്. ജനാധിപത്യവും സോഷ്യലിസവും പറയുന്നവര്‍ സഹവിപ്ലവപാര്‍ട്ടിയില്‍പ്പെട്ട സ്ത്രീകളോടു പോലും അറപ്പ് തോന്നുന്ന ഭാഷയിലാണ് സംസാരിക്കുന്നത്. സ്തുതിപാടാത്ത മാധ്യമങ്ങളെ സഹിക്കില്ല. യാതൊരു ന്യായീകരണവുമില്ലാത്ത കാര്യത്തിനും കേസെടുത്ത് ഭയപ്പെടുത്തും. ഈ രീതിയില്‍ മൂന്നരപതിറ്റാണ്ട് ഭരിച്ച ബംഗാളില്‍ സിപിഎം എന്ന പാര്‍ട്ടി ജനദ്രോഹികളായി മാറുന്നതാണ് കണ്ടതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഇങ്ങോട്ട് ഒന്നും പറയണ്ട അങ്ങോട്ട് പറയുന്നത് കേട്ടാല്‍ മതിയെന്നതാണ് പാര്‍ട്ടിയുടേയും സര്‍ക്കാറിന്റേയും മനോഭാവം. ഇതാണ് മനോഭാവമെങ്കില്‍ ബംഗാള്‍- ത്രിപുര സമാനമായ ഒരു നവകേരളം വിദൂരത്തല്ലെന്നും ദീപിക പരിഹസിക്കുന്നു. സിപിഎം ഉയര്‍ത്തുന്ന കരിങ്കൊടി സമര മാര്‍ഗ്ഗവും മറ്റുളളവരുടേത് അക്രമവുമാണെന്നും നിങ്ങള്‍ എറിയുന്ന കല്ലുകള്‍ പുഷ്പമാണെന്നും മറ്റുള്ളവരുടേത് മാരകായുധമാണെന്നും തോന്നുന്നത് രാഷ്ട്രീയ തിമിരമാണ്. കേന്ദ്രത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ കണക്ക് പറഞ്ഞ് വാങ്ങാന്‍ കഴിയണം. അല്ലാതെ നിങ്ങളുടെ കെടുകാര്യസ്ഥത തുടരാനുളള ലൈസന്‍സായി ഇതിനെ മാറ്റരുത്. ഇതെല്ലാം ജനങ്ങള്‍ തീരുമാനിക്കുന്ന ഒരു സമയമുണ്ടാകുമെന്നും ദീപികയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top