ഹമാസ് അനുകൂലികളെ ടാര്‍ഗറ്റ് ചെയ്ത് ദീപിക; വിപ്ലവ പാര്‍ട്ടികള്‍ക്ക് വോട്ട് പേടി; അതിരൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ മുഖപത്രം
തിരുവനന്തപുരം : മുസ്ലിം ബ്രദര്‍ഹുഡിനെയും ഹമാസിനെയും ചേര്‍ത്തുവച്ച് അതിരൂക്ഷ പരാമര്‍ശങ്ങളുമായി കത്തോലിക്കാ മുഖപത്രം ദീപിക. ഇസ്രായേല്‍ ഹമാസ് വിഷയത്തില്‍ ഇടപെട്ട് ഹമാസ് അനുകൂല നിലപാട് പ്രഖ്യാപിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പ് ആണ്. ഭീകരതയെ അങ്ങനെ തന്നെ പറയണം. ഭീകരപ്രവര്‍ത്തകരെ മറ്റെന്ത് പേര് വിളിക്കുമെന്ന് ചോദിച്ച് തുടങ്ങുന്ന മുഖപ്രസംഗം, ഹമാസ് ഇസ്ലാമിക ഭീകര പ്രസ്ഥാനം തന്നെയാണെന്ന് അടിവരയിട്ട് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.
കോഴിക്കോട്ട് മുസ്ലിംലീഗ് സംഘടിപ്പിച്ച പലസ്തീന് അനുകൂല പരിപാടിയില്‍ ശശി തരൂര്‍ നടത്തിയ ഹമാസ് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അദേഹത്തിനെത്തിരെ ഒരുവിഭാഗം നടത്തുന്ന ആക്രമണങ്ങളെ ദീപിക പ്രത്യേകം പരാമര്‍ശിക്കുന്നു. പ്രസംഗത്തിലെ ഒരു വാക്കിനോടുള്ള എതിര്‍പ്പ് ഒരായിരം നാവുള്ള വെളിപ്പെടുത്തലായി മാറിയിട്ടുണ്ട്. ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഗാസയിലെ മനുഷ്യര്‍ കൊല്ലപ്പെട്ടതില്‍ വ്യസനിക്കുകയും അവര്‍ക്കൊപ്പമാണെന്നു പ്രഖ്യാപിക്കുകയും ചെയ്ത തരൂരിന്, കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 1400 ഇലികളെ ഒറ്റയടിക്കു കൊന്നൊടുക്കുകയും 200ലേറെ പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ ഭീകരര്‍ എന്നു വിളിച്ചുകൂടാ..!
ഒക്ടോബര്‍ ഏഴിനല്ല ചരിത്രം ആരംഭിച്ചതെന്നു പറയുന്ന എം.സ്വരാജിനെ പോലെയുളളവര്‍ ചരിത്രത്തെ സത്യസന്ധമായി സമീപിക്കുമെന്ന് ആരും കരുതുന്നില്ല. അവര്‍ തങ്ങള്‍ക്കു ന്യായീകരണ സാധ്യയുള്ളിടത്ത് നിന്നു ചരിത്രം വായിച്ചു തുടങ്ങുന്നവരാണ്. ഇസ്രയേലിന്റെയും പലസ്തീന് സംഘര്‍ഷത്തിന്റെയും ചരിത്രം 2023 ഒക്ടോബര്‍ ഏഴിലോ 1947ലോ 48ലോ അല്ല തുടങ്ങിയത്. സഹസ്രാബ്ദങ്ങ ളുടെ പഴക്കമുണ്ട് അതിന്; എന്നിങ്ങനെ പലസ്തീന് അനുകൂലനിലപാട് എടുക്കുന്നവരെ പേരെടുത്ത് തന്നെ വിമര്‍ശിക്കുന്നു ദീപിക.
കേരളത്തിലെ സുരക്ഷിതമടകളില്‍ കുത്തിയിരുന്ന് ഫോണില്‍ കുത്തിക്കുറിക്കുന്നവര്‍ ഒരു ദിവസം പോലും തങ്ങളുടെ മക്കളെയോ സ്ത്രീകളെയോ മുസ്ലിം ബ്രദര്‍ഹുഡിന്റെയോ അവരുടെ ഗാസ പതിപ്പായ ഹമാസിന്റെയോ കേന്ദ്രങ്ങളില്‍ ഒരു ദിവസമെങ്കിലും ജീവിക്കാന്‍ വിടുമോ? എന്നിങ്ങനെ ചോദ്യങ്ങളും ഉയര്‍ത്തുന്നു ദീപിക.
മുഖപ്രസംഗം ചുവടെ വായിക്കാം:
ഭീകരപ്രവർത്തകരെ മറ്റെന്തു പേരു വിളിക്കും? കേരളത്തിലെ സുരക്ഷിതമടകളിൽ കുത്തിയിരുന്ന് ഫോണിൽ കുത്തിക്കുറിക്കുന്നവർ തങ്ങളുടെ മക്കളെയോ സ്ത്രീകളെയോ മുസ്ലിം ബ്രദർഹുഡിന്റെയോ അവരുടെ ഗാസ പതിപ്പായ
ഹമാസിന്റെയോ കേന്ദ്രങ്ങളിൽ ഒരു ദിവസമെങ്കിലും ജീവിക്കാൻ വിടുമോ?
കേരളത്തിലുള്ളവർ ഹമാസിനെ സ്വാതന്ത്ര്യസമര സേനാനികളാക്കിയാലും ഭീകരരെന്നുതന്നെ വിളിച്ചാലും ഇസ്രയേലിന്റെ പ്രതികരണത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല. കേരളത്തിലുള്ളവർ തങ്ങളെ സ്വാതന്ത്ര്യസമര സേനാനികളാക്കി പ്രഖ്യാപിച്ചതറിഞ്ഞ് ഹമാസ്, ഇസ്രേലി വിരുദ്ധതയ്ക്കുമപ്പുറത്തുള്ള ഇസ്ലാമിക തീവ്രവാദ നിലപാടുകളിൽ മാറ്റം വരുത്തുകയുമില്ല.
ഹമാസെന്ന ഭീകരപ്രസ്ഥാനം എത്രവലിയ സ്വർഗരാജ്യമുണ്ടാക്കിയാലും വിപ്ലവപാർട്ടി നേതാക്കൾ ഉൾപ്പെടെ, അവരെ സ്വാതന്ത്ര്യസമര സേനാനികളായി കാണുന്ന ഒരാളും അവർക്കൊപ്പം ജീവിക്കാൻ തയാറാകുകയുമില്ല. അതേ, ഈ ഹമാസ് അനുകൂല നിലപാടിനു പശ്ചിമേഷ്യയിൽ സ്വാധീനമൊന്നുമില്ലെങ്കിലും ഇന്ത്യയിലുണ്ട്.
ഇസ്ലാമിക ഭീകരവാദം ലോകത്തെവിടെയും കെടുത്തുന്ന സമാധാനത്തെക്കുറിച്ചും രക്തച്ചൊരിച്ചിലുകളെക്കുറിച്ചും ഭാവി ഭീഷണികളെക്കുറിച്ചും ബോധമുള്ളവർ, ഇന്ത്യയിൽ അതിനെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരേ ചിന്തിക്കാനും വോട്ട് ചെയ്യാനും പോലും തയാറായേക്കും. ആ വിധത്തിലുള്ള ധ്രുവീകരണമാണ് ഹമാസിനെ വെള്ള പൂശുന്നവർ ഈ നാടിനു സമ്മാനിക്കുന്നത്. അതാണ് പലസ്തീൻ പ്രശ്നത്തിന്റെ ഇന്ത്യൻ തിക്തഫലം.
കോഴിക്കോട്ട് മുസ്ലിം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ മുഖ്യാതിഥിയായിരുന്ന ശശി തരൂർ എംപിയുടെ പ്രസംഗത്തിലെ ഒരു വാക്കിനോടുള്ള എതിർപ്പ് ഒരായിരം നാവുള്ള വെളിപ്പെടുത്തലായി മാറിയിട്ടുണ്ട്. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഗാസയിലെ മനുഷ്യർ കൊല്ലപ്പെട്ടതിൽ വ്യസനിക്കുകയും അവർക്കൊപ്പമാണെന്നു പ്രഖ്യാപിക്കുകയും ചെയ്ത തരൂരിന്, കുട്ടികളും സ്ത്രീകളുമുൾപ്പെടെ 1400 ഇസ്രേലികളെ ഒറ്റയടിക്കു കൊന്നൊടുക്കുകയും 200ലെറെ പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ ഭീകരർ എന്നു വിളിച്ചുകൂടാ..!
ഒക്ടോബർ ഏഴിനല്ല ചരിത്രം ആരംഭിച്ചതെന്നു പറയുന്ന എം. സ്വരാജിനെപ്പോലെയുള്ളവർ ചരിത്രത്തെ സത്യസന്ധമായി സമീപിക്കുമെന്ന് ആരും കരുതുന്നില്ല. അവർ തങ്ങൾക്കു ന്യായീകരണസാധ്യയുള്ളിടത്തുനിന്നു ചരിത്രം വായിച്ചു തുടങ്ങുന്നവരാണ്. ഇസ്രയേലിന്റെയും പലസ്തീൻ സംഘർഷത്തിന്റെയും ചരിത്രം 2023 ഒക്ടോബർ ഏഴിലോ 1947ലോ 48ലോ അല്ല തുടങ്ങിയത്. സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് അതിന്.
കേരളത്തിലെ സുരക്ഷിതമടകളിൽ കുത്തിയിരുന്ന് ഫോണിൽ കുത്തിക്കുറിക്കുന്നവർ ഒരു ദിവസംപോലും തങ്ങളുടെ മക്കളെയോ സ്ത്രീകളെയോ മുസ്ലിം ബ്രദർഹുഡിന്റെയോ അവരുടെ ഗാസ പതിപ്പായ ഹമാസിന്റെയോ കേന്ദ്രങ്ങളിൽ ഒരു ദിവസമെങ്കിലും ജീവിക്കാൻ വിടുമോ? മറുപടി പറയേണ്ട, ആത്മപരിശോധന നടത്തിയാൽ മതി.
ഹമാസിനെ ഭീകരവാദികളെന്നു വിളിച്ചപ്പോൾ പൊള്ളിയവർ മനുഷ്യാവകാശത്തിനും മതേതരത്വത്തിനും ഉപയോഗിക്കുന്നതു വ്യത്യസ്ത മാനദണ്ഡങ്ങളാണെന്നുകൂടി തിരിച്ചറിയണം. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ പറഞ്ഞ ന്യായമല്ല ഇസ്താംബൂളിലെ ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയയെ നിർലജ്ജം മോസ്കാക്കി മാറ്റിയപ്പോൾ അവർ പറഞ്ഞത്.
ഇറാക്കിലാകട്ടെ, അഫ്ഗാനിസ്ഥാനിലാകട്ടെ, നൈജീരിയയിലാകട്ടെ, അർമേനിയയിലാകട്ടെ, പാക്കിസ്ഥാനിലാകട്ടെ ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങൾ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിനു ക്രൈസ്തവരെക്കുറിച്ച് അവർ മിണ്ടില്ല… പ്രസംഗിക്കില്ല, ലേഖനങ്ങളെഴുതില്ല. ഇസ്ലാമിക് സ്റ്റേറ്റും അതേ സ്വഭാവമുള്ള മതഭീകരരും കൊന്നൊടുക്കുകയും ലൈംഗിക അടിമകളാക്കുകയും ചെയ്ത ക്രിസ്ത്യൻ സ്ത്രീകൾക്ക് മനുഷ്യാവകാശങ്ങളില്ല!
ജന്മനാടായ നാഗോർണോ-കരാബാക്ക് പ്രദേശത്തുനിന്ന് പതിനായിരക്കണക്കിനു ക്രിസ്ത്യാനികൾ അസർബൈജാനിലെ മുസ്ലിം ഭരണകൂടത്തിന്റെ വംശഹത്യ ഭയന്ന് അർമേനിയയിലേക്ക് ആഴ്ചകൾക്കുമുന്പ് പലായനം ചെയ്തതിനെക്കുറിച്ച് ഹമാസ് പ്രേമികൾ കേട്ടിട്ടേയില്ല. കാഷ്മീരിലെ മുസ്ലിംകളുടേതെന്നപോലെ സ്വന്തം മണ്ണിൽനിന്നു നിഷ്കരുണം പറിച്ചെറിയപ്പെട്ട കാഷ്മീരി പണ്ഡിറ്റുകളുടെ അവകാശങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്യുമോ?
ഇസ്രയേല്‍ തങ്ങളുടെ ആദ്യലക്ഷ്യം മാത്രമാണെന്നും ലോകം മുഴുവൻ തങ്ങളുടെ നിയമത്തിനു കീഴിൽ വരുമെന്നും ആ ലോകക്രമത്തിൽ ക്രിസ്ത്യാനികളും യഹൂദരും ഉണ്ടാകില്ലെന്നും ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹർ പ്രഖ്യാപിച്ചത് ലോകം കേട്ടു. സ്വാതന്ത്ര്യസമര പോരാളികൾ! ഈജിപ്ത് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഭീകരപ്രസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്ന മുസ്ലിം ബ്രദർഹുഡിന്റെ ഭാഗമായ ഹമാസിനെക്കുറിച്ചു കൂടുതലറിയാൻ ഗാസയിൽ പോയി തടി കേടാക്കേണ്ട; ചരിത്രം വായിച്ചാൽ മതി.
പലസ്തീനിലെ ജനങ്ങൾ അവർക്കെതിരേ നടത്തിയ സമരങ്ങളുടെ വാർത്തകൾ വായിച്ചാൽ മതി. അവരുടെ നേതാക്കൾ വിദേശത്തുനിന്നു ശേഖരിച്ച ഫണ്ട് എത്രയാണെന്ന് അറിഞ്ഞാൽ മതി. ആ ഫണ്ട് അവർ മാറ്റിയത് ഗാസയിലെ വികസനപ്രവർത്തനങ്ങൾക്കുവേണ്ടിയാണോ അതോ വിദേശങ്ങളിലെ സ്വന്തം അക്കൗണ്ടുകളിലേക്കാണോ എന്നു പരിശോധിച്ചാൽ മതി. എന്നിട്ടും മനസിലാകാത്തവർ ഹമാസിന്റെ ‘സ്വാതന്ത്ര്യസമരപോരാട്ട’ത്തിന് വീട്ടിലിരുന്നു പിന്തുണ കൊടുത്താൽ പോരാ, ഗാസയിലെത്തി പോരാടുകതന്നെ വേണം.
ഒന്നുകൂടി പറയാം. ഭഗത് സിംഗിന്റെയും സുബാഷ് ചന്ദ്രബോസിന്റെയുമൊന്നും ലക്ഷ്യം മതരാഷ്ട്ര സ്ഥാപനമായിരുന്നില്ല, ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു. ഹമാസുമായി അവരെയൊക്കെ താരതമ്യപ്പെടുത്തി ആ രക്തസാക്ഷികളെ അവഹേളിക്കുന്നത് ആരായാലും അംഗീകരിക്കാനാവില്ല. ഗാസയിലെ രണ്ടായിരത്തോളം മാത്രം വരുന്ന ക്രൈസ്തവർ അനുഭവിക്കുന്ന മതസ്വാതന്ത്ര്യംകൂടി ഇവരൊന്നു മനസിലാക്കിയിരുന്നെങ്കിൽ!
ഹമാസ് ഭീകരാക്രമണത്തിലും ഇസ്രയേൽ തിരിച്ചടിയിലും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും പലായനം ചെയ്യുകയും ചെയ്ത ഇരുവിഭാഗത്തെയും കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ള മനുഷ്യരോടാണ് നാം ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത്. ഗാസയിലുള്ളവർക്കും ഇസ്രയേലിലുള്ളവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്. പക്ഷേ, ഹമാസ് പോലുള്ള മതഭീകരപ്രസ്ഥാനങ്ങളിലൂടെ അതു നേടിയെടുക്കാനാവില്ലെന്നു ലോകം തിരിച്ചറിയുന്നുണ്ട്.
മതമൗലികവാദ സംഘങ്ങളുടെ കെണിയിൽ പെട്ടുപോയവരും വോട്ടുപേടിയാൽ നാവടക്കിയവരും ഭീരുക്കളായ ബുദ്ധിജീവികളുമൊക്കെയുണ്ട് ഹമാസിനെ വെള്ള പൂശാൻ. വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ഭീകരസംഘടനകളെ ഭീകരസംഘടനകളെന്നു തിരിച്ചറിയുകയാണ് ഭീകരവാദവിരുദ്ധതയുടെ ആദ്യപടി. അതിനെ സ്വാതന്ത്ര്യസമരവും മനുഷ്യാവകാശവുമായി കൂട്ടിക്കെട്ടരുത്. ഹമാസ് ഇസ്ലാമിക ഭീകരപ്രസ്ഥാനം തന്നെയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here