ക്രൈസ്തവരെ ആക്രമിക്കുന്നവര്‍ കേരളത്തില്‍ രക്ഷകരാകുന്നു; തലോടുമ്പോഴും തല്ലിയ കൈകളെ തിരിച്ചറിയാം; അതിരൂക്ഷ വിമര്‍ശനങ്ങളുമായി ദീപിക
കോട്ടയം : ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. ‘വിവേചിക്കാന്‍ ക്രൈസ്തവര്‍ക്കറിയാം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ നടക്കുന്ന വേട്ടയാടലുകളും എണ്ണി പറഞ്ഞിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ക്രൈസ്തവരെ ദ്രോഹിക്കുന്നവര്‍ കേരളത്തില്‍ രക്ഷകരായി എത്തുന്നത് മനസിലാക്കാനുളള തിരിച്ചറിവ് ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. തലോടുമ്പോഴും തല്ലിയ കൈകളെ തിരിച്ചറിയാന്‍ കഴിയുമെന്നും ദീപിക വ്യക്തമാക്കുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന പച്ചനുണ പലതവണ ആവര്‍ത്തിക്കുമ്പോഴും ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ ഒരു ശതമാനംപോലും വര്‍ധിച്ചിട്ടില്ല. 1951ല്‍ ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ രണ്ടു ശതമാനമായിരുന്നു. 61ല്‍ 2.44 ശതമാനമായി. 2011ലെ അവസാനത്തെ സെന്‍സസില്‍ അത് 2.34 ശതമാനമായി കുറഞ്ഞു. ഈ വര്‍ഷങ്ങളിലെല്ലാം ക്രൈസ്തവര്‍ ഏറ്റവുമധികം കേള്‍ക്കേണ്ടിവന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണമാണ്. ഇക്കാര്യങ്ങള്‍ അറിയാത്തവരല്ല, നുണപ്രചാരണം നടത്തുന്നത്. ക്രൈസ്തവര്‍ക്കെതിരേ ജനരോഷം ഉയര്‍ത്തുന്നതിനുള്ള തന്ത്രങ്ങളില്‍ ഒന്നുമാത്രമാണിതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
സന്യാസവസ്ത്രം ധരിച്ച ക്രൈസ്തവന് ഒരു പെണ്‍കുട്ടിക്കൊപ്പം യാത്രചെയ്യണമെങ്കില്‍ വര്‍ഗീയവാദികളുടെ മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന സ്ഥിതിയാണ്. വര്‍ഗീയവാദികള്‍ക്ക് കൂട്ടുനില്‍ക്കുകയും കള്ളക്കേസുകള്‍ ഉണ്ടാക്കുകയുമാണ് പോലീസ് ചെയ്യുന്നത്. ദൈവനാമം വിളിച്ച് ഹിംസയ്ക്കു കോപ്പുകൂട്ടുന്നവര്‍ ഭരണകൂടത്തിന്റെ ഒത്താശയുള്ളതുകൊണ്ടാണ് ക്രൈസ്തവര്‍ ക്രൈസ്തവരാജ്യങ്ങളിലേക്കു പൊയ്‌ക്കൊള്ളണം എന്ന് അട്ടഹസിക്കുന്നത്. ഒരു കൈയാല്‍ തല്ലും മറുകൈയാല്‍ തലോടലും നടത്തുന്നവര്‍ എന്നെങ്കിലുമൊരിക്കല്‍ പിന്‍വലിക്കുന്നുണ്ടെങ്കില്‍ അതു തലോടുന്ന കൈ ആയിരിക്കുമെന്ന ആശങ്ക മറച്ചുവയ്ക്കുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.
ഒരു ക്ഷുദ്രജീവിയെ കൊല്ലേണ്ടിവന്നാല്‍പോലും മനസു തകരുന്നവരുടെ രാജ്യത്താണ് 1999 ജനുവരി 22ന് ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ജീവനോടെ കത്തിച്ചത്. ക്രിസ്ത്യാനികളായതുകൊണ്ടു മാത്രമാണ് ഇവര്‍ നിഷ്ഠുരമായി കൊല്ലപ്പെട്ടത്. രാജ്യപുരോഗതിയുടെ സകല മേഖലകളിലും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രൈസ്തവര്‍ ഏതുവിധത്തിലാണ് സുരക്ഷയ്ക്കു ഭീഷണിയായിട്ടുള്ളതെന്ന് ഭരണകൂടം വ്യക്തമാക്കണം. ഉന്നതനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു പുറത്തിറങ്ങിയിട്ടുള്ള ബിജെപി നേതാക്കള്‍ ഉത്തരം നല്‍കണമെന്നും ദീപിക ആവശ്യപ്പെടുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here