വന്യജീവികളാല്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ നിരത്തി ദീപിക; മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദിക്കുന്നവർ ജനങ്ങളെ കാണുന്നില്ല; പൊരുതുന്ന നാട്ടുകാര്‍ക്കൊപ്പമെന്നും കത്തോലിക്ക സഭാ മുഖപത്രം

തിരുവനന്തപുരം : വന്യമൃഗ ആക്രമണത്തില്‍ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്ന സംഭങ്ങളില്‍ നെഞ്ചില്‍തറയ്ക്കുന്ന പ്രതിഷേധം മുന്നോട്ടുവച്ച് കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക. കഴിഞ്ഞ 6 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ ഒന്നാം പേജില്‍ ‘ഇവര്‍ രക്തസാക്ഷികള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചാണ് ദീപിക പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. 2018 മുതല്‍ കഴിഞ്ഞ ദിവസം വയനാടില്‍ മരിച്ച ഫോറസ്റ്റ് വാച്ചര്‍ പോളിന്റെ ചിത്രം വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കര്‍ഷകര്‍, വിനോദസഞ്ചാരികള്‍, കുട്ടികള്‍ എന്നിവരുമുണ്ട്. ജില്ല തിരിച്ചുള്ള ചിത്രങ്ങളില്‍ ഓരോരുത്തരും മരിച്ച ദിവസം, എത് മൃഗത്തിന്റെ ആക്രമണത്തിലാണ് ജീവന്‍ നഷ്ടമായത് എന്നീ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ മരണവും കാട്ടാന ആക്രമണത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമങ്ങള്‍ പാലിക്കുന്നതിന് മത്സരിക്കുന്നവര്‍ സ്വന്തം മണ്ണില്‍ കൊലചെയ്യപ്പെടുന്ന മനുഷ്യര്‍ക്കു വേണ്ടി നിയമമുണ്ടാക്കാന്‍ തയാറാകുമോയെന്ന ചോദ്യമാണ് കത്തോലിക്ക സഭയുടെ മുഖപത്രം ഉയര്‍ത്തുന്നത്. പൊരുതുന്ന ജനതയ്ക്കു വേണ്ടി പിന്തുണ പ്രഖ്യാപിച്ചാണ് ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. മലയോര മേഖലകളില്‍ നിരന്തരം ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നതില്‍ ക്രൈസ്തവ സഭകള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ഇക്കാര്യം പരസ്യമായി തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശനമായി ഉന്നയിച്ചിട്ടുമുളളതാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ ദീപിക പത്രത്തിന്റെ ഒന്നാം പേജ് സര്‍ക്കാരിനുള്ള മുന്നറിയിപ്പായി തന്നെ വിലയിരുത്താം.

സംസ്ഥാനത്ത് എട്ട് വര്‍ഷത്തിനിടെ 914പേര്‍ക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. 2016-142, 2017-110, 2018-134, 2019-100, 2020-100, 2021-127, 2022-111, 2023-85, 2024-4 എന്നിങ്ങനെയാണ് കണക്കുകള്‍. ഈ കാലയളവില്‍ പരിക്കേറ്റവരുടെ എണ്ണം 7492 ആണ്. 2016-712, 2017-851, 2018-803, 2019-789, 2020-1159, 2021-1150, 2022-1211, 2023-817 എന്നിങ്ങനെയാണ് ഓരോ വര്‍ഷത്തേയും കണക്കുകള്‍. 55839 വന്യജീവി ആക്രമണമാണ് ഈ കാലയളവില്‍ സംസ്ഥാനത്തുണ്ടായത്. 68 കോടിയുടെ കൃഷിനാശവും ഇത്തരം സംഭവങ്ങളിലൂടെ ഉണ്ടായിട്ടുണ്ട്.
വന്യജീവി ആക്രമണങ്ങളില്‍ മരിക്കുന്നവരുടെ കേസുകളില്‍ കൃത്യമായി നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. 2023 വരെ 909 പേര്‍ക്ക് മരണം സംഭവിച്ചപ്പോള്‍ 706 പേരുടെ കുടംബങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. മറ്റുളളവര്‍ നഷ്ടപരിഹാരം കാത്തിരിക്കുകയാണ്. ഇതിലും മലയോര മേഖലകളില്‍ വലിയ പ്രതിഷേധമുണ്ട്. ഈ പ്രതിഷേധമാണ് മാനന്തവാടിയിലും, പുല്‍പ്പള്ളിയിലുമെല്ലാം ആരുടേയും ആഹ്വാനമില്ലാതെ ജനങ്ങള്‍ തെരുവിലിറങ്ങാന്‍ കാരണമായത്.
കോവിഡ് കാലത്ത് വിദേശത്ത് ആവശ്യമായ ചികിത്സ ലഭിക്കാതെ മരിച്ചവരുടെ ചിത്രങ്ങള്‍ സമാനമായ രീതിയില്‍ മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് സര്‍ക്കാരിന് വലിയ വിമര്‍ശനമേല്‍ക്കേണ്ടി വന്ന ഒന്നായി അത് മാറി. വ്യാജ വാര്‍ത്ത എന്ന നിലയിലായിരുന്നു സര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ദീപികയുടെ ചിത്രങ്ങള്‍ മലയാളികള്‍ക്ക് നേരിട്ട് അറിയാവുന്നതും രേഖകളില്‍ നില്‍ക്കുന്നതുമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഇതിന് വ്യക്തമായ മറുപടി നല്‍കേണ്ടി വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here