ദീപിക പദുകോണ്‍ ഗര്‍ഭിണി; സെപ്റ്റംബറില്‍ കുഞ്ഞ് ജനിക്കുമെന്ന സന്തോഷ പ്രഖ്യാപനവുമായി ദീപികയും രൺവീർ സിങ്ങും
ബോളിവുഡ് താര ദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 2024 എന്നെഴുതിയ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചാണ് ഡ്യു ഡേറ്റ് വെളിപ്പെടുത്തിയത്. കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പോസ്റ്റില്‍ ഉള്ളത്. ദീപിക ഗര്‍ഭിണിയാണെന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ദമ്പതികളുടെ പോസ്റ്റ്. ആരാധകര്‍ക്കൊപ്പം മാധുരി ദീക്ഷിത്ത്, അഭിഷേക് ബച്ചന്, സോനം കപൂര്‍ തുടങ്ങി സിനിമാലോകത്തെ നിരവധി താരങ്ങള്‍ ആശംസകളുമായി കമന്റ് ബോക്സിലെത്തി. നിങ്ങളുടെ ഏറ്റവും മികച്ച പ്രൊഡക്ഷന്‍ എന്ന് സോനാക്ഷി സിന്‍ഹയും, എക്കാലത്തെയും മികച്ച ഹുഡിലേക്ക് സ്വാഗതം എന്ന് നേഹ ധൂപിയയും കമന്റ്റ് ചെയ്തു.
ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇറ്റലിയിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നടത്തിയശേഷം മുംബൈയിലും ദീപികയുടെ ജന്മനാടായ ബെംഗളൂരുവിലും റിസപ്ഷനുകൾ നടത്തിയിരുന്നു. റാംലീല, ബജിരാവോ മസ്താനി, പദ്മാവത് തുടങ്ങിയ ഹിറ്റ് സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് . കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന ഷോയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു എപ്പിസോഡിൽ താരജോഡികള്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.
ഹൃത്വിക് റോഷനൊപ്പം അഭിനയിച്ച ഫൈറ്ററാണ് ദീപിക പദുക്കോൺ അവസാനമായി അഭിനയിച്ചത്. പ്രഭാസ് നായകനാകുന്ന കൽക്കി 2898 എഡി, രോഹിത് ഷെട്ടിയുടെ സിങ്കം റിട്ടേൺസ് എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍. സിംബ ഭലേറാവു എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിച്ചുകൊണ്ട് രൺവീർ സിങ്ങും സിങ്കം റിട്ടേൺസിന്റെ ഭാഗമാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here