മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു; മെത്രാന്മാരെ വിമർശിക്കുന്നത് വോട്ട്ബാങ്ക് ഉറപ്പിക്കാന്‍; വിമര്‍ശനവുമായി കത്തോലിക്കാ മുഖപത്രം

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കും മന്ത്രി സജി ചെറിയാനും മറുപടിയുമായി കത്തോലിക്ക സഭാ മുഖപത്രം ദീപിക. മുഖ്യമന്ത്രിയും മന്ത്രിമാരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന മുന്നറിയിപ്പാണ് മുഖപ്രസംഗം നല്‍കിയിരിക്കുന്നത്. ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരെ അക്ഷേപിക്കാന്‍ എന്തും വിളിച്ചു പറയുകയാണ്. മുഖ്യമന്ത്രിയടക്കം ഇതിന് ഒത്താശ ചെയ്യുന്നു. ഇത് ശരിയായ നടപടിയല്ല. ഇത്തരം പ്രതികരണങ്ങള്‍ ജീര്‍ണ്ണതയുടെ സംസ്‌കാരം പേറുന്നവര്‍ക്ക് ഭൂഷണമാണെന്നും വിമര്‍ശനമുണ്ട്.

ക്രൈസ്തവരുടെ രാഷ്ട്രീയ നിലപാടിന് ഇത്തരക്കാരുടെ ഉപദേശം ആവശ്യമില്ല. തങ്ങള്‍ ചെയ്യുമ്പോള്‍ ശരിയും മറ്റുളളവര്‍ ചെയ്യുമ്പോള്‍ തെറ്റുമെന്നും പറയുന്നതിനെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്നവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല. സജി ചെറിയാന്‍ വിളമ്പിയ മാലിന്യം ആസ്വദിച്ച് രോമാഞ്ചം കൊണ്ടവര്‍ ക്രൈസ്തവരേറ്റ പീഡനങ്ങളും അവഹേളനങ്ങളും ഓര്‍ക്കണം. അതില്‍ കമ്യൂണിസ്റ്റുകാരുടെ സ്ഥാനം എവിടെയാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവരെ അധിക്ഷേപിക്കുന്നത് മറ്റേതെങ്കിലും സമുദായത്തെ പ്രീതിപ്പെടുത്തി വോട്ട്ബാങ്ക് ഉറപ്പിക്കാനാണോയെന്ന സംശയവും മുഖപ്രസംഗം മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഭരണാധികാരികള്‍ ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നത് ക്രൈസ്തവ സഭ എക്കാലത്തും പുലര്‍ത്തുന്ന മര്യാദയാണ്. അത് മണിപ്പൂര്‍ മറന്നുകൊണ്ടാണെന്നു പ്രചരിപ്പിക്കുന്നവരുടേത് ദുഷ്ടലാക്കാണ്. ഹമാസ് തീവ്രവാദികള്‍ക്കു വേണ്ടി നാടൊട്ടുക്ക് പ്രകടനം നടത്തിയവരുടെ ഈ ശ്രമങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനാണ്. ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്ന് മറക്കരുതെന്നും ദീപിക പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top