പൊളിറ്റിക്കൽ ഇസ്ലാമിനെക്കുറിച്ച് ജയരാജൻ പറഞ്ഞിട്ടും സിപിഎം മിണ്ടുന്നില്ല; രൂക്ഷ വിമർശനവുമായി ദീപിക

പൊളിറ്റിക്കൽ ഇസ്ലാമിനെക്കുറിച്ചുള്ള സിപിഎം നേതാവ് പി.ജയരാജൻ്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കത്തോലിക്ക സഭയുടെ മുഖപത്രം ദീപിക. കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. പൊളിറ്റിക്കൽ ഇസ്ലാം യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നുവെന്നും ശേഖരിച്ച കൂടുതൽ വിശദാംശങ്ങൾ അടുത്ത മാസം പുറത്തിറങ്ങുന്ന ‘മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും’ എന്ന തന്റെ പുസ്തകത്തിൽ വ്യക്തമാക്കുമെന്നായിരുന്നു ജയരാജൻ്റെ വെളിപ്പെടുത്തൽ. കണ്ണൂരിലെ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.

ജയരാജൻ കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം കാണാനിടയില്ലെന്നാണ് ദീപികയുടെ മുഖപ്രസംഗം വിമർശനമുയര്‍ത്തുന്നത്. ഇവിടെയുള്ള മതനിരപേക്ഷ ചട്ടക്കൂടിനകത്ത് ജീവിക്കാൻ പറ്റില്ല, മത രാഷ്ടത്തിൽ മാത്രമേ തങ്ങൾക്ക് ജീവിക്കാൻ പറ്റൂ എന്നുള്ള അപകടകരമായ സന്ദേശത്താൽ സ്വാധീനിക്കപ്പെട്ടവരാണ് വഴി തെറ്റിയവർ. അത് ഗൗരവത്തിൽ കാണണം. മുസ്ലീം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും തമ്മിൽ വ്യത്യാസമുണ്ട്. ലോകാടിസ്ഥാനത്തിൽ പൊളിറ്റിക്കൽ ഇസ്ലാം വലിയ പ്രശ്നമായി വരികയാണെന്ന് ദീപിക പറയുന്നു.

ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ പൊലിയുന്ന മനുഷ്യരെക്കുറിച്ച് വേവലാതിപ്പെടുന്നവർ ലോകമെങ്ങും ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങൾ കൊന്നൊടുക്കുന്ന ക്രൈസ്തവരെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ദീപിക കുറ്റപ്പെടുത്തുന്നു. അതേക്കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ എഴുതുന്നില്ല.
തീവ്രവാദികൾ കശ്മീര്‍ മുതൽ കന്യാകുമാരി വരെ സാന്നിധ്യമറിയിച്ചിട്ടും മതേതര പാർട്ടികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. മതേതര സമൂഹത്തിന് മേൽ ഇഴഞ്ഞു കയറിയ രാഷ്ട്രീയ ഇസ്ലാമിനെ സിപിഎമ്മും മറ്റ് രാഷ്ടീയ പാർട്ടികളും തള്ളിപ്പറയാൻ തയ്യാറായിട്ടില്ലെന്നും ദീപിക കുറ്റപ്പെടുത്തുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top