ട്വൻ്റി20 ചെയര്‍മാനെതിരെ കലാപശ്രമത്തിന് കേസ്; ‘ജന്തു’ പരാമര്‍ശം ലഹളയ്ക്കുള്ള ശ്രമം; തന്നെ കേരളം മുഴുവന്‍ ഓടിക്കാനാണ് പരിപാടിയെന്ന് സാബു ജേക്കബ്

കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജനെ അധിക്ഷേപിച്ചതിനും സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ട്വന്റി20 ചീഫ് കോ–ഓർഡിനേറ്റർ സാബു എം.ജേക്കബിനെതിരെ കേസെടുത്തു. സിപിഎം പ്രവര്‍ത്തകനായ ജോഷി വര്‍ഗീസ്‌ നല്‍കിയ പരാതിയില്‍ പുത്തന്‍കുരിശ് പോലീസാണ് കേസെടുത്തത്. ഈ മാസം 21ന് കോലഞ്ചേരിയിൽ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിന്‍റെ പേരിലാണ് പോലീസ് നടപടി. ട്വന്‍റി 20യും സിപിഎമ്മും തമ്മില്‍ വിദ്വേഷമുണ്ടാക്കി കലാപത്തിന് സാബു എം. ജേക്കബ് ശ്രമം നടത്തി എന്നാണ് പരാതിയിലുള്ളത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

“കുന്നത്തുനാട് നിവാസികള്‍ ഒരു ജന്തുവിനെ ജയിപ്പിച്ചു. ഇയാള്‍ പൗഡറുമിട്ട് ഇറങ്ങും. റോഡ്‌ പണികള്‍ തടസപ്പെടുത്തും. എന്ത് ഉദ്ഘാടനം നടത്തിയാലും അതിന്റെ തന്ത താനാണെന്ന് പറഞ്ഞ് നടക്കും.” ട്വന്റി20യും സിപിഎമ്മും തമ്മില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തിലാണ് സാബു ജേക്കബിന്റെ പ്രസംഗം- എഫ്ഐആറില്‍ പറയുന്നു.

കേസെടുത്തതിന് പിന്നില്‍ സിപിഎം രാഷ്ട്രീയമാണെന്നും തന്നെ കേരളം മുഴുവന്‍ ഓടിക്കാനുള്ള പരിപാടിയാണെന്നും സാബു.എം.ജേക്കബ് മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. “ജന്തു എന്ന് വിളിച്ചാല്‍ എങ്ങനെ കലാപമാകും. എംഎല്‍എയെന്നോ ശ്രീനിജനെന്നോ ഒന്നും പറഞ്ഞിട്ടില്ല. ഈ കേസ് നിലനില്‍ക്കില്ല. നിയമപരമായി നേരിടും”-സാബു എം.ജേക്കബ് വിശദീകരിച്ചു

“സാബു ജേക്കബിന്റെ കൊച്ചി പ്രസംഗത്തിന്റെ പേരില്‍ മൂന്ന് പരാതികള്‍ വന്നിട്ടുണ്ട്. ശ്രീനിജന്‍ എംഎല്‍എ, ശ്രുതി ശ്രീനിവാസന്‍, ജോഷി വര്‍ഗീസ്‌ എന്നിവരാണ് പരാതി നല്‍കിയത്. ഇതില്‍ ജോഷി വര്‍ഗീസ്‌ നല്‍കിയ പരാതിയില്‍ മാത്രമാണ് കേസെടുത്തത്”-പുത്തന്‍കുരിശ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി.ഗോപകുമാര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top