എഫ്ബി കുറിപ്പിന് പത്തുലക്ഷം പിഴ; അപകീര്‍ത്തി കേസിൽ കനത്ത പിഴ ഇതാദ്യം

തിരുവനന്തപുരം: “ലൈസന്‍സ്ഡ് സൈക്കോളജിസ്റ്റ് എന്ന് പേരിനൊപ്പം എപ്പോഴും ഉപയോഗിച്ച വാക്കാണ്‌ അയാളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ എന്നെ പ്രേരിപ്പിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അവകാശപ്പെട്ടിരുന്ന വിദ്യാഭ്യാസ യോഗ്യതകളെല്ലാം ശരിയല്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു. അയാള്‍ ഡിഗ്രിയും പിജിയും ചെയ്ത യൂണിവേഴ്സിറ്റികളില്‍ ആ പേരിലല്ല കോഴ്സുകള്‍ നടത്തുന്നത് എന്നും ബോധ്യപ്പെട്ടു” തൃശൂരിലെ സൈക്കോളജിസ്റ്റായ എം.കെ.പ്രസാദിനെതിരെ കോളജ് അധ്യാപകനും കോട്ടയം സ്വദേശിയുമായ ഷെറിന്‍.വി.ജോര്‍ജിട്ട ഫെയ്സ്ബുക്ക്‌ പോസ്റ്റാണ് കോടതിയിലെത്തുകയും 10 ലക്ഷം രൂപ പരാതിക്കാരന് നല്‍കാനുള്ള വിധി വരുകയും ചെയ്തത്. ഈ രീതിയിലുള്ള ആദ്യ വിധിയാണ് തൃശൂര്‍ അഡീഷണല്‍ സബ് കോടതി കഴിഞ്ഞ മാസം 30 ന് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്ര വലിയ തുക പിഴയായി ചുമത്തുന്നത്.

2017 ഏപ്രില്‍ 26-ലെ പോസ്റ്റില്‍ പ്രസാദിനെതിരെ അതിഗുരുതരമായ ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. തന്റെ പോസ്റ്റില്‍ എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കാമെന്നായിരുന്നു ഷെറിന്‍റെ വെല്ലുവിളി. ഷെറിന്‍ വി. ജോര്‍ജിന്റെ ഫെയ്സ്ബുക്ക്‌ പോസ്റ്റ് അപകീര്‍ത്തിയും തൊഴില്‍ നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രസാദ് പരാതി നല്‍കിയത്. തന്നെക്കുറിച്ച് സമൂഹത്തില്‍ അവമതിപ്പുണ്ടായെന്നും ഇത് മൂലം കൗണ്‍സിലിംഗിന് വരുന്ന ധാരാളം പേര്‍ പിന്മാറിയെന്നും പ്രസാദ് പരാതിയില്‍ ഉന്നയിച്ചിരുന്നു. വിസ്താര വേളയിലും പ്രതി ഷെറിന്‍ തന്റെ ആരോപണങ്ങളില്‍ ഉറച്ച് നിന്നിരുന്നു.

പരാതിക്കാരന്റെ സത്കീര്‍ത്തിയും സമൂഹത്തിലെ മാന്യതയും നഷ്ടപ്പെടാന്‍ ഫെയ്സ് ബുക്ക് പോസ്റ്റിടയാക്കിയെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും കേസ് ആരംഭിച്ചതുമുതലുള്ള ആറ് വര്‍ഷത്തെ കോടതി ചെലവും ആറ് ശതമാനം പലിശയും നല്‍കാന്‍ തൃശൂര്‍ അഡീഷനല്‍ സബ് ജഡ്ജ് രാജീവന്‍ വചാല്‍ ഉത്തരവിട്ടത്. വ്യക്തിഹത്യ നടത്താനും അപകീര്‍ത്തി പരത്താനും സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുമ്പോള്‍ ശ്രദ്ധേയമായ വിധിയാണ് എം.കെ.പ്രസാദ് നേടിയെടുത്തത്. അതെക്കുറിച്ച് അദ്ദേഹം മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചു.

“2017-ലാണ് ഫെയ്സ്ബുക്കില്‍ എനിക്ക് അപകീര്‍ത്തികരമായ ഷെറിന്‍റെ പോസ്റ്റ്‌ വരുന്നത്. എന്റെ യോഗ്യതകള്‍ വ്യാജമാണെന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം. ഈ പോസ്റ്റിടുക മാത്രമല്ല ആ വ്യക്തി എന്നെ ബന്ധപ്പെടുകയും ഞാനിട്ട പോസ്റ്റിന് നിങ്ങള്‍ ഉത്തരം പറയണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എനിക്ക് അതൊരു ഷോക്കായിരുന്നു. ഒരു സൈബര്‍ കൊലപാതകമായാണ് അനുഭവപ്പെട്ടത്. സൈബര്‍ ആക്രമണത്തിന് വിധേയരായ ഒരുപാടാളുകള്‍ കൗണ്‍സിലിംഗിന് സമീപിച്ചിട്ടുണ്ട്. അവര്‍ അനുഭവിച്ച അതേ മാനസിക അവസ്ഥയിലൂടെയാണ് ആ ദിവസങ്ങളില്‍ ഞാനും കടന്നുപോയത്. വ്യക്തിപരമായ സൈബര്‍ ആക്രമണം വരുമ്പോള്‍ ആളുകള്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് എന്തുകൊണ്ടാണെന്നും എനിക്ക് മനസിലായി.”

“സൈബര്‍ അധിക്ഷേപം നടത്താന്‍ ആളുകള്‍ക്ക് വലിയ ധൈര്യമാണ്. ആരും ആരെയും നേരിട്ട് കാണുന്നില്ലല്ലോ. ഇത്തരം അധിക്ഷേപങ്ങള്‍ക്ക് എതിരെ ശക്തമായി നീങ്ങേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. ഈ സൈബര്‍ ആക്രമണത്തില്‍ നിന്നും കരകയറാനുള്ള വഴിയായാണ് കോടതിയെ സമീപിച്ചത്. നീതി വേണമായിരുന്നു. എനിക്ക് വേണ്ടി മാത്രമല്ല സൈബര്‍ ആക്രമണത്തിന് വിധേയരാക്കപ്പെടുന്ന മറ്റുള്ളവര്‍ക്ക് കൂടി വേണ്ടിയാണ് കോടതിയില്‍ പരാതി നല്‍കിയത്.” അദ്ദേഹം പറഞ്ഞു.”

“10 ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള വിധി എനിക്ക് തിരിച്ചടിയാണ്. വിധിക്കെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യും.”-ഷെറിന്‍.വി.ജോര്‍ജ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top