കൂറുമാറ്റവും കൂടുമാറ്റവും അരങ്ങുതകര്‍ക്കുന്നു; ബിജെപിയിലും കോണ്‍ഗ്രസിലും കാലുമാറ്റം പതിവുനാടകം; ഹൈക്കോടതി ജഡ്ജി വരെ രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങുന്ന ഗുരുതര അവസ്ഥ

ഡല്‍ഹി: കേരളത്തിലെ കോൺഗ്രസിൻ്റെ എക്കാലത്തെയും അനിഷേധ്യ നേതാവായിരുന്ന ലീഡർ കെ കരുണാകരൻ്റെ മകൾ പത്മജ ബിജെപിയിലേക്ക് ചേക്കേറിയത് ഉണ്ടാക്കിയ രാഷ്ട്രിയ കോലാഹലം അടങ്ങിയിട്ടില്ല. ഈ തിരഞ്ഞെടുപ്പുകാലം മുഴുവൻ ഇതിൻ്റെ അലയൊലികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇവിടെ ഇത്തരം കൂറുമാറ്റങ്ങൾ ഒറ്റപ്പെട്ടത് ആയതിനാലാണ് ഇത്ര വലിയ ചർച്ചക്ക് വിഷയമാകുന്നത് എന്നത് വ്യക്തം. എന്നാലങ്ങ് ഹിന്ദി ഹൃദയഭൂമിയിലേക്ക് നോക്കിയാലോ…. ദിനംപ്രതി ഇത്തരം കൂറുമാറ്റങ്ങളുടെ വാർത്തകളാണ് നിറയുന്നത്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കും തിരിച്ചും മാറിക്കളിക്കുന്നത് പത്മജയേക്കാൾ തലയെടുപ്പുള്ള നേതാക്കളാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രത്യേകിച്ചും. പ്രധാന കാരണം മത്സരിക്കാൻ സീറ്റ് കിട്ടാത്തത് തന്നെ.

ഹരിയാന:
ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് രണ്ട് സിറ്റിംഗ് എംപിമാരാണ് ഹരിയാനയിൽ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹിസാർ മണ്ഡലത്തിൽനിന്നുള്ള എംപി ബ്രിജേന്ദ്ര സിങ്ങാണ് ബിജെപിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽനിന്നുള്ള ബിജെപി എംപി രാഹുൽ കസ്‌വാനാണ് മറ്റൊരു എംപി. രാഹുലും കോൺഗ്രസിൽ ചേരും. രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നൽകിയിരുന്നില്ല. പശ്ചിമ ബംഗാളിലെ ഝാർഗ്രാമിൽ നിന്നുള്ള ബിജെപി എംപി കുനാർ ഹെംബ്രാം ഇന്നലെ ബിജെപിയില്‍ നിന്നും രാജിവെച്ചിട്ടുണ്ട്.

രാജസ്ഥാൻ

കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തന്‍ അടക്കം 25 കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ഗെഹ്ലോട്ടിന്റെ വിശ്വസ്തനും മുന്‍ കൃഷിമന്ത്രിയുമായ ലാല്‍ചന്ദ് കടാരിയ അടക്കമുള്ള നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ എംഎല്‍എ റിച്ച്പാല്‍സിങ് മിര്‍ധ, വിജയ് പാല്‍ സിങ് മിര്‍ധ തുടങ്ങിയ ജാട്ട് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നവരില്‍പ്പെടുന്നു. മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ സച്ചിന്‍ പൈലറ്റിന്റെ അടുത്ത അനുയായി ഖിലാഡി ലാല്‍ ഭൈരവ, മുന്‍ സംസ്ഥാന മന്ത്രി രാജേന്ദ്ര യാദവ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

മഹാരാഷ്ട്ര

മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. കഴിഞ്ഞ ഫെബ്രുവരി 13നാണ് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നത്. മഹാരാഷ്ട്ര പിസിസി വർക്കിങ് പ്രസിഡന്റ് ബസവരാജ് പാട്ടീല്‍ അടക്കമുള്ളവരും ബിജെപിയിലെത്തി.

മധ്യപ്രദേശ്

കോണ്‍ഗ്രസിന് ആഘാതമായി സുരേഷ് പച്ചൗരിയുടെ കൂറുമാറ്റം. മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരിയാണ് കോണ്‍ഗ്രസ് വിട്ട മറ്റൊരു പ്രമുഖന്‍. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. മുന്‍ എംപി ഗജേന്ദ്ര സിങ് രാജുഖേദിയും ഏതാനും മുന്‍ എംഎല്‍എമാരും ബിജെപിയിലേക്ക് മാറി. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായ സുരേഷ് പച്ചൗരി നാലുവട്ടം രാജ്യസഭാംഗമായിരുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രിയും മധ്യപ്രദേശ് മുന്‍ പിസിസി പ്രസിഡനറുമായിരുന്നു.

ഗുജറാത്ത്

മുൻ പ്രതിപക്ഷ നേതാവ് അർജുൻ മോധ്‌വാദിയ, നരൻ റാഠ്വ എംപി, അരവിന്ദ് ലഡാനി, ചിരാഗ് പട്ടേല്‍, സിജെ ചാവ്ദ എന്നിവരും ബിജെപിയിലെത്തി.

ഇവരെ കൂടാതെ, രാജസ്ഥാൻ എംഎൽഎയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മഹേന്ദ്രജിത് സിങ് മാളവ്യ, ഉത്തർപ്രദേശ് പിസിസി വൈസ് പ്രസിഡന്റ് ഉപേന്ദ്ര സിങ്, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബിസി ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി എന്നിവര്‍ ബിജെപിയിലെത്തി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഖണ്ഡൂരി ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയിലെത്തി. അരുണാചല്‍ പ്രദേശ് മുൻ കേന്ദ്രമന്ത്രി നിനോങ് എറിങ്, എംഎല്‍എ വാങ്‌ലിങ് ലൊവാങ്ഡോങ്, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ലൊംബോ ടായോങ് എന്നിവർ കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയവരാണ്.

മധ്യപ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ സുമേർ സിങ്, യോഗേന്ദ്ര സിങ്, ജബല്‍പൂർ മേയർ ജഗത് ബഹാദൂർ സിങ് എന്നിവരും കോണ്‍ഗ്രസിനെ കൈവിട്ടു. തമിഴ്നാട്ടില്‍ നിന്നും എംഎല്‍എ വിജയ ധരണി ബിജെപിയിലെത്തി. ബിഹാർ എംഎല്‍എമാരായ മുരാരി പ്രസാദ്, സിദ്ധാർത്ഥ് സൗരവ് എന്നിവരും ബിജെപിയിലേക്ക് നീങ്ങി. ഝാർഖണ്ഡില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപിയായ ഗീത കോഡ ബിജെപിയില്‍ എത്തിയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. കോണ്‍ഗ്രസ് വക്താവ് കൗസ്തവ് ബഗ്ചി (ബംഗാള്‍), നിഹാർ രഞ്ജൻ മൊഹന്ദ (മുൻ ബിഹാർ എംഎല്‍എ), അശോക് വർമ്മ, പ്രകാശ് രമോല, സുഭാഷ് വർമ്മ (ഉത്തരാഖണ്ഡ് ) എന്നിവരും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പാർട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നവരാണ്.

ഇതിനെല്ലാം പുറമെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കല്‍ക്കട്ട ഹൈക്കോടതിയിലെ മുതിര്‍ന്ന ന്യായാധിപന്‍ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ കഴിഞ്ഞയാഴ്ച രാജിവെച്ച് പ്രധാനമന്ത്രിയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചത്. രാജിക്ക് തൊട്ടുമുന്‍പ് അദ്ദേഹം പുറപ്പെടുവിച്ച വിധി ന്യായങ്ങള്‍ ന്യായാധിപനെന്ന നിലയ്ക്കുള്ള നിക്ഷ്പക്ഷതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. സമീപകാലത്തൊന്നും സര്‍വീസിലിരിക്കെ ഒരു ന്യായാധിപനും രാജിവെച്ച് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ല. 2012ല്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അരുൺ ജയ്റ്റ്‌ലി പറഞ്ഞ വാക്കുകള്‍ അങ്ങേയറ്റം പ്രവചനാത്മകമായിരുന്നു എന്നാണ് ഗംഗോപാധ്യായയുടെ രാജി തെളിയിക്കുന്നത്. “ന്യായാധിപന്മാര്‍ വിരമിക്കുന്നതിന് തൊട്ടുമുന്‍പായി പുറപ്പെടുവിക്കുന്ന വിധിന്യായങ്ങള്‍ ഭാവിയില്‍ വിരമിക്കലിന് ശേഷം ലഭിക്കാന്‍ പോകുന്ന പദവികള്‍ ലക്ഷ്യമാക്കിയാകും, എന്നുമായിരുന്നു ജയ്റ്റ്‌ലിയുടെ നിരീക്ഷണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top