സെന്‍സസ് പ്രക്രിയകള്‍ അടുത്ത മാസം തുടങ്ങിയേക്കും; കോവിഡ് കാരണം മൂന്ന് കൊല്ലം നീണ്ടുപോയ ജനസംഖ്യാ കണക്കെടുപ്പ്

മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ജനസംഖ്യ (സെന്‍സസ്) കണക്കെടുപ്പ് അടുത്ത മാസം ആരംഭിച്ചേക്കുമെന്ന് ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍സസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 18 മാസം വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ പതിനാറാമത്തെ സെന്‍സസാണ് നടക്കാനിരിക്കുന്നത്.

2021-ല്‍ പൂര്‍ത്തിയാകേണ്ട സെന്‍സസ് നടപടികള്‍ കോവിഡ് കാരണം വൈകുകയായിരുന്നു. ഇതിനെതിരെ സാമ്പത്തിക വിദഗ്ദ്ധര്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കുടുംബങ്ങളുടെ സാമ്പത്തിക നിലവാരും, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയുള്‍പ്പെടെയുള്ള നിരവധി സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേകളുടെ ഗുണനിലവാരത്തെ സെന്‍സസിലെ കാലതാമസം ബാധിക്കുമെന്നായിരുന്നു വിമര്‍ശനം.

അടുത്ത മാസം സെന്‍സസ് പ്രക്രിയകള്‍ തുടങ്ങിയാല്‍ 2026 മാര്‍ച്ചില്‍ കണക്കുകള്‍ പുറത്തു വിടാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയവും സംയുക്തമായാണ് സെന്‍സസ് നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തിമാനുമതിക്കായി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥര്‍ .

രാജ്യത്തെ ജനസംഖ്യാപരമായ വിശദവും ആധികാരികവുമായ വിവരങ്ങള്‍ ശേഖരിക്കുന്ന കണക്കെടുപ്പാണ് സെന്‍സസ്. 1948ലെ സെന്‍സസ് ആക്ട് പ്രകാരം ഇന്ത്യയില്‍ പത്ത് വര്‍ഷം കൂടുമ്പോഴാണ് സെന്‍സസ് നടത്തുന്നത്. സെന്‍സസ് ആക്ട് പ്രകാരം വിവരങ്ങള്‍ രഹസ്യാത്മകമാണ്. ജനസംഖ്യാ വിവരങ്ങള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സാക്ഷരത, വിദ്യാഭ്യാസം, വീടുകള്‍, വീട്ടിലുള്ള സൗകര്യങ്ങള്‍, നഗരവത്കരണം, മരണം, ജനനം, പട്ടിക വിഭാഗങ്ങള്‍, മതം, കുടിയേറ്റം, ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിപുലമായ വിവരശേഖരം ഇതില്‍ ഉള്‍പ്പെടുന്നു.

2011ല്‍ അവസാനമായെടുത്ത 15-ാം സെന്‍സസ് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 121,08,54,977 ആണ്. ലോക ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള 2022 ലെ പുനരവലോകനം അനുസരിച്ച്, ഇത് 140 കോടിയിലധികമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറിയിരുന്നു.

ജാതി അടിസ്ഥാനമാക്കിയുള്ള വിവരശേഖരണം നടത്തണമെന്ന ആവശ്യം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ സജീവമാക്കി നിര്‍ത്തിയിരിക്കുകയാണ്. 1931 വരെ ജാതികളെ കുറിച്ചുള്ള വിവരങ്ങള്‍ ജനസംഖ്യാ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1951ന് ശേഷം ഇത്തരം വിവര ശേഖരണം അവസാനിപ്പിച്ചു. മാറിയ സാമൂഹിക- രാഷ്ട്രീയ ചുറ്റുപാടില്‍ ജാതി സെന്‍സസിനായി വീണ്ടും ആവശ്യമുയര്‍ന്നത് സര്‍ക്കാരിന് അവഗണിക്കാനാവില്ല. പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്തി അവരെ നയരൂപീകരണത്തില്‍ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ജാതി സെന്‍സസ് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top