ഡല്‍ഹിയില്‍ സ്ഥിതി അതീവ ഗുരുതരം; സ്‌കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍ മാത്രം

ഡല്‍ഹിയിലെ വായു നിലവാരം അതീവ ഗുരുതരം. ശൈത്യം തീവ്രമായതോടെ വായുമലിനീകരണം അതിരൂക്ഷമാവുകയാണ്. ഗുരുതരമായ സ്ഥിതി പരിഗണിച്ച് മലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ ( ജി.ആര്‍.എ.പി) നാല് അനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 8 മണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. വായുനിലവാര സൂചിക 481 എന്ന നിലയിലേക്ക് ഉയര്‍ന്നതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്.
സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് മാറ്റി. പ്ലസ്ടു ക്ലാസ് ഒഴികെയാണ് നിയന്ത്രണം. ഡീസല്‍, പെട്രോള്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എല്‍എന്‍ജി, സിഎന്‍ജി, ഇലക്ട്രിക് ട്രക്കുകള്‍ക്ക് ഇളവുണ്ട്. ഹൈവേകള്‍, റോഡുകള്‍, മേല്‍പാലങ്ങള്‍, പൈപ്പ് ലൈനുകള്‍ എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 50% പേര്‍ക്കെങ്കിലും വര്‍ക്ക് ഫ്രം ഹോം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരമാവധി പൊതുവാഹനങ്ങള്‍ ഉപയോഗിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍, പ്രായമായവര്‍, ശ്വാസകോശ രോഗികള്‍, ഹൃദ്രോഗികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നിവര്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും നിര്‍ദേശമുണ്ട്.
അത്യാവശ്യമല്ലാത്ത എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നതടക്കമുള്ള നിയന്ത്രണങ്ങളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here