ഡല്‍ഹി പിടിക്കാന്‍ ബിജെപിയുടെ ഗെയിം പ്ലാന്‍; പരാജയപ്പെടുത്താന്‍ എഎപി; നിര്‍ണായകം ചേരി നിവാസികളുടെ വോട്ടുകള്‍

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവേ ബിജെപിയും എഎപിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചേരി നിവാസികളില്‍. ചേരികള്‍ വോട്ടുബാങ്കായി തുടരവേ ഇവരെ വശത്താക്കാനാണ് ചേരി രാഷ്ട്രീയം അരവിന്ദ് കേജ്‍രിവാളും ബിജെപിയും പയറ്റുന്നത്. ഡല്‍ഹിയില്‍ എഎപി-ബിജെപി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ആണ് നടക്കുന്നത്. ഫെബ്രുവരി 15നാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്.

ചേരികളിലും അനധികൃത കോളനികളിലും താമസിക്കുന്ന വോട്ടർമാര്‍ ഏകദേശം 10 ശതമാനം വരും. ഡൽഹി സർക്കാർ കണക്കുകൾ പ്രകാരം ന്യൂഡൽഹി അസംബ്ലി നിയോജക മണ്ഡലത്തിൽ ചേരി പ്രദേശങ്ങളിൽ ഏകദേശം 67,000 കുടുംബങ്ങളുണ്ട്, വെസ്റ്റ് ഡൽഹി നിയോജക മണ്ഡലത്തിൽ 22,000 വീടുകളുണ്ട്.

ചേരി നിവാസികളില്‍ ഭൂരിപക്ഷവും പിന്തുണ നല്‍കുന്നത് എഎപിയ്ക്കാണ്. ഈ വോട്ടുബാങ്കില്‍ ലക്ഷ്യം വച്ച് ബിജെപി നടത്തുന്ന നീക്കങ്ങളാണ് ഡല്‍ഹി രാഷ്ട്രീയത്തില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ നിറയ്ക്കുന്നത്. ചേരി പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് പറഞ്ഞ് കേജ്‍രിവാള്‍ ആണ് ആദ്യമായി വെടിപൊട്ടിച്ചത്.

“ജഹാ ജുഗ്ഗി, വഹ മകൻ” ക്യാമ്പയിനും ചേരി നിവാസികൾക്കുള്ള പുതിയ ഫ്ലാറ്റുകള്‍ മോദി ഉദ്ഘാടനം ചെയ്തത് ചൂണ്ടിക്കാണിച്ചുമാണ് ബിജെപിയുടെ തിരിച്ചടി. വോട്ടര്‍മാരെ സ്വന്തം പക്ഷത്ത് ഉറച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ തീവ്രമാണ്. എഎപിയുമായി അകന്ന് നില്‍ക്കുന്ന കോണ്‍ഗ്രസും ചേരി വോട്ടുകളില്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്‌.

എഎപിയെ സംബന്ധിച്ച് ചേരി നിവാസികള്‍ സ്വന്തം വോട്ട് ബാങ്ക് ആണ്. എന്നാല്‍ ബിജെപിയെ സംബന്ധിച്ച് ഇവര്‍ വോട്ട് ബാങ്കല്ല. പക്ഷെ എഎപിയെ അധികാരത്തില്‍ നിന്നും തുരത്തി ഡല്‍ഹി ഭരണം പിടിക്കണമെങ്കില്‍ ബിജെപിക്ക് ചേരി വോട്ടുകള്‍ കൂടി വേണം. ഇതോടെയാണ് ബിജെപി എഎപിയുമായി ചേരി വിഷയത്തില്‍ രാഷ്ട്രീയ യുദ്ധം ആരംഭിച്ചത്.

“ഡൽഹി ചേരികളിൽ 15 ലക്ഷത്തോളം വോട്ടർമാരുണ്ട്. അതിൽ 9-10 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ ഏഴ് ലക്ഷത്തോളം പേർ എഎപിക്ക് വോട്ട് ചെയ്തപ്പോള്‍ ബിജെപിക്ക് രണ്ട് ലക്ഷം വോട്ടുകളാണ് ലഭിച്ചത്. ബാക്കിയുള്ള വോട്ടുകൾ കോൺഗ്രസിനും മറ്റ് പാർട്ടികൾക്കുമാണ് ലഭിച്ചത്. ഇക്കുറി കൂടുതല്‍ വോട്ടുകള്‍ ബിജെപി പിടിക്കും.” – ബിജെപിയുടെ ‘ജുഗ്ഗി വിസ്താരക് അഭിയാൻ’ ഇൻചാർജും ഡൽഹി ബിജെപി ജനറൽ സെക്രട്ടറിയുമായ വിഷ്ണു മിത്തൽ പറഞ്ഞു.

2023ലെ ജി-20 ഉച്ചകോടിക്ക് മുന്നോടിയായി തുഗ്ലക്കാബാദ്, സുന്ദർ നഗരി, ഓഖ്‌ല, തുടങ്ങിയ സ്ഥലങ്ങളിലെ ചേരി പൊളിക്കല്‍ എഎപി ബിജെപിക്ക് എതിരെ ആയുധമാക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ബിജെപിയാണ് പിടിച്ചത്. അതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുക ബിജെപിയുടെ പ്രധാന ലക്ഷ്യമാണ്.

ചേരി രാഷ്ട്രീയത്തില്‍ നിര്‍ണായക റോള്‍ എടുക്കാനാണ് ഇത്തവണ പാര്‍ട്ടി പരിപാടി. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചേരികളില്‍ നിന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. കോണ്‍ഗ്രസും ചേരി വോട്ടുകള്‍ ലക്ഷ്യമാക്കുന്നു എന്നതിന്റെ തെളിവാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top