എഐ ചതിച്ചു, ജോലി അപേക്ഷയിൽ മുഴുവൻ അബദ്ധം; തൊഴിലില്ലായ്മ കൂടുന്നതിൽ അതിശയമില്ലെന്ന് കമ്പനി സിഇഒ

തൊഴിൽ അന്വേഷകരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി കൂടിവരികയാണ്. തൊഴിൽ തേടി ഇന്ത്യയ്ക്ക് പുറത്തുപോകാനാണ് യുവതലമുറ ആഗ്രഹിക്കുന്നത്. എന്നാൽ രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നതിന്റെ കാരണമായി, ഒരു തൊഴിൽ അന്വേഷകന് പറ്റിയ പിഴവ് ചൂണ്ടിക്കാട്ടുകയാണ് ഡൽഹിയിലെ സ്വകാര്യ കമ്പനിയുടെ സിഇഒ ആയ വനിത. ജോലി തേടി തനിക്ക് ഒരാൾക്ക് അയച്ച അപേക്ഷയുടെ കവറിങ് ലെറ്റർ ആണ് എൻടൂറേജിന്റെ സ്ഥാപകയും സിഇഒയുമായ അനന്യ നാരംഗ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കവറിങ് ലെറ്റർ തയ്യാറാക്കാനായി ഉപയോഗിച്ച ടെംപ്ലേറ്റ് എഡിറ്റ് ചെയ്യാതെ അതേപടി അയക്കുകയായിരുന്നു. തന്റെ കഴിവുകൾ, മുൻപരിചയം, വ്യക്തിവിവരങ്ങൾ ഒന്നുംതന്നെ അപേക്ഷയിൽ ചേർത്തില്ല. പകരം അത് ചേർക്കാനുള്ള ഭാഗം ഒഴിച്ചിട്ട് തീർത്തും അശ്രദ്ധമായി തയ്യാറാക്കിയതാണ് എന്ന് വ്യക്തം. ”മറ്റൊരു ജോലി അപേക്ഷ കൂടി ലഭിച്ചു, നമ്മുടെ രാജ്യത്ത് ഇത്രയധികം തൊഴിലില്ലായ്മ ഉണ്ടായതിൽ അതിശയിക്കാനില്ല,” എന്നായിരുന്നു അനന്യ എക്സിൽ കുറിച്ചത്. താൻ ഇതിന് എന്ത് മറുപടി കൊടുക്കണമെന്ന് അനന്യ ചോദ്യം ഉന്നയിക്കുകയും ചെയ്തു.
ചാറ്റ്ജിപിടി ഉപയോഗിച്ച് അപേക്ഷ തയ്യാറാക്കിയത് ആകാമെന്നും, എന്നിട്ട് വായിച്ച് നോക്കാതെ അയച്ചതാകാം എന്നുമാണ് നിരവധി പേർ കമന്റ് ചെയ്തത്. ചാറ്റ്ജിപിറ്റി നിലവിൽ വന്ന ശേഷം ഇത്തരം അപേക്ഷകൾ സാധാരണമാണെന്ന് ഒരാൾ ചൂണ്ടിക്കാട്ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശുദ്ധ മണ്ടത്തരം എന്നായിരുന്നു ഒരാളുടെ കമന്റ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here