ഞെട്ടിച്ച് കേജ്‌രിവാൾ; മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുന്നു; ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് ആഹ്വാനം

മുഖ്യമന്ത്രി പദവിയില്‍ നിന്നും രാജി വയ്ക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഇന്ന് വിളിച്ച എഎപി യോഗത്തിലാണ് അദ്ദേഹം ഞെട്ടിക്കുന്ന രീതിയില്‍ രാജി പ്രഖ്യാപനം നടത്തിയത്. “രണ്ട് ദിവസം കഴിഞ്ഞ് ഞാൻ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. ജനവിധി പ്രഖ്യാപിക്കുന്നത് വരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല. ഡൽഹിയിൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിയുണ്ട്.കോടതിയിൽ നിന്ന് എനിക്ക് നീതി ലഭിച്ചു. ഇനി ജനകീയ കോടതിയിൽ നിന്ന് നീതി ലഭിക്കും.ജനങ്ങളുടെ വിധിക്ക് ശേഷം മാത്രമേ ഞാൻ മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കൂ,”- കേജ്‌രിവാൾ പറഞ്ഞു.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അദ്ദേഹം ആറുമാസമായി തീഹാര്‍ ജയിലിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ജാമ്യം ലഭിച്ചത്. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ രണ്ട് ദിവസത്തിനകം എഎപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹി തിരഞ്ഞെടുപ്പും നവംബറിൽ നടത്തണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാരെക്കാള്‍ സ്വേച്ഛാധിപത്യമാണ് ഇന്ത്യയില്‍ എന്നാണ് അദ്ദേഹം പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത്.
ഡൽഹി മുഖ്യമന്ത്രി ഇനിമുതൽ ലഫ്. ഗവർണറുടെ തടവിൽ; കടലാസുപുലിയായി കേജ്‌രിവാൾ
“മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും വിഷയം സംസാരിച്ചിട്ടുണ്ട്. ഞങ്ങൾ സത്യസന്ധരാണെന്ന് ആളുകൾ പറഞ്ഞതിന് ശേഷം മാത്രമേ ഇനി അധികാരസ്ഥാനം കൈകാര്യം ചെയ്യൂ എന്ന് മനീഷും പറഞ്ഞു, എൻ്റെയും സിസോദിയയുടെയും വിധി ഇപ്പോൾ ജനങ്ങളുടെ കൈയിലാണ്. കേജ്‌രിവാൾ നിരപരാധിയാണോ അതോ കുറ്റക്കാരനാണോ എന്ന് ജനങ്ങളോട് ചോദിക്കണം. പാര്‍ട്ടിയിലെ ഒരു എംഎല്‍എയെ മുഖ്യമന്ത്രിയാക്കിയ ശേഷം നീതി തേടി ജനകീയ കോടതിയിലേക്ക് പോകും.”
കേജ്‌രിവാളിന്റെ ജാമ്യം കോൺഗ്രസിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു!! ഹരിയാനയിൽ തലവേദനയാകും
“മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാതിരുന്നത് ജനാധിപത്യത്തെ രക്ഷിക്കാൻ വേണ്ടിയാണ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകൾ രജിസ്റ്റർ ചെയ്താൽ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ രാജി വയ്ക്കരുത്. ഇത് ബിജെപിയുടെ പുതിയ ഗെയിമാണ്.” കേജ്‌രിവാൾ പറഞ്ഞു.
ബിജെപിയും പ്രതികരണവുമായി രംഗത്തുണ്ട്. എന്തിനാണ് കേജ്‌രിവാൾ നാടകം സൃഷ്ടിക്കുന്നതെന്നാണ് ബിജെപി നേതാവ് ഹരീഷ് ഖുറാന ചോദിച്ചത്. “കേജ്‌രിവാള്‍ പണ്ടും ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ജനങ്ങൾ ചോദിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിൽ പോകാൻ പറ്റില്ല, രേഖകളിൽ ഒപ്പിടാൻ പറ്റില്ല.. പിന്നെന്ത് കാര്യം? ബിജെപി തിരഞ്ഞെടുപ്പിന് തയ്യാറാണ്. 25 വർഷത്തിന് ശേഷം ഞങ്ങൾ വീണ്ടും ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തും.” – ഖുരാന പറഞ്ഞു.
കേജരിവാളിന്റെ രാജി മുന്‍പായിരുന്നെങ്കില്‍ നന്നായിരുന്നുവെന്നാണ് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദ്ര യാദവ് പറഞ്ഞത്. “ഡൽഹി കുടിവെള്ളക്ഷാമവും വെള്ളപ്പൊക്കവും നേരിടുമ്പോഴായിരുന്നു രാജി വേണ്ടത്. ഓഫീസിൽ പോയി ഫയലുകളിൽ ഒപ്പിടാൻ കഴിയുന്ന ഒരു പുതിയ മുഖ്യമന്ത്രിയെ ഡൽഹിക്ക് ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” – യാദവ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here