അഴികള്‍ക്കുള്ളിലോ പുറത്തോ കേജ്‌രിവാൾ ശക്തന്‍; ജാമ്യം ലഭിച്ചത് 50-ാം ദിനം; എഎപിയും ഇന്ത്യ സഖ്യവും അഴിച്ചുവിടുക പ്രചാരണ കൊടുങ്കാറ്റ്; 370 എന്ന ബിജെപി സ്വപ്നസംഖ്യ ഒളിമങ്ങുമോ
ഡൽഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ അമ്പത് ദിവസമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജയിലില്‍ കഴിഞ്ഞത്. ഇന്ത്യ സഖ്യത്തെ സംബന്ധിച്ചും എഎപിയെ സംബന്ധിച്ചും ഏറ്റവും നിര്‍ണായക സമയത്താണ് അദ്ദേഹം പുറത്തിറങ്ങുന്നത്. ഡല്‍ഹി, പഞ്ചാബ് ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ വരാന്‍ പോകുന്നതേയുള്ളൂ. രണ്ടിടത്തും എഎപിയാണ് അധികാരത്തില്‍ തുടരുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപിക്ക് എതിരെ പ്രചാരണ കൊടുങ്കാറ്റ് അഴിച്ചുവിടാന്‍ കേജ്‌രിവാളിന്റെ വരവോടെ എഎപിക്ക് കഴിയുമെന്നതാണ് പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. ഇത് ഏറ്റവും അധികം സഹായിക്കുക കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യത്തെയുമാകും.
കേജരിവാളിന്റെ പ്രചാരണത്തില്‍ ബിജെപിയുടെ 370 എന്ന സ്വപ്നസംഖ്യ ഒളിമങ്ങുമോ എന്നാണ് അറിയാനുള്ളത്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുന്നതിൽ നിന്ന് കോൺഗ്രസിനെ തടയാൻ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റുകളാണ് ബിജെപി ലക്‌ഷ്യം വയ്ക്കുന്നത്.
തിരഞ്ഞെടുപ്പ് സമയത്ത് കേജ്‌രിവാളിന് ജാമ്യം നല്‍കുന്നത് തെറ്റായ കീഴ്വഴക്കമാകും എന്നാണ് ജാമ്യം നിഷേധിക്കാന്‍ ഒരു കാരണമായി ഇഡി സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയത്. പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ട് പോലും ഫലമുണ്ടായില്ല. സുപ്രീം കോടതി ശക്തമായ വിധി പ്രസ്താവമാണ് നടത്തിയത്. ഈ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വോട്ടെണ്ണുന്നതിന് തൊട്ടുമുന്‍പ് വരെ കേജ്‌രിവാളിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് തിരികെ ജയിലിലേക്ക് മടങ്ങേണ്ടത്.
കേജ്‌രിവാൾ രൂപീകരിച്ച മദ്യനയമാണ് എഎപിയുടെ ഈ കരുത്തന് ശരശയ്യ തീര്‍ത്തത്. മദ്യവിൽപ്പന സ്വകാര്യവത്കരിച്ച എഎപി നയമാണ് കേസിന്റെ അടിസ്ഥാനം. മദ്യക്കമ്പനികളിൽനിന്ന് കൈക്കൂലി വാങ്ങി എഎപിനേതാക്കൾ അഴിമതി നടത്തിയെന്നാണ് കേസ്. വിവാദമായതോടെ സർക്കാർ നയം പിൻവലിച്ചു. ലെഫ്. ഗവർണറുടെ ശുപാർശയിൽ ആദ്യം സിബിഐ കേസെടുത്തു. പിന്നാലെ ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തു. മദ്യനയത്തിൽ ഇളവുലഭിക്കാൻ ബിആർഎസ് നേതാവ് കെ.കവിത ആം ആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ നൽകിയെന്നാണ് ഇഡി ആരോപിച്ചത്. കേജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെയാണ് ഇഡി ലക്ഷ്യം വച്ചത്. ഈ പണം എഎപി ഗോവ തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡിയുടെ ആരോപണം.
മാർച്ച് 21 – വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക വസതിയിലെത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ കേജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിന് പിന്നാലെ ശക്തമായ പ്രതിഷേധങ്ങളായിരുന്നു ഡൽഹിയിൽ അരങ്ങേറിയത്. പ്രതിഷേധിച്ച മന്ത്രി അതിഷി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജയിലിനകത്തായാലും പുറത്തായാലും തന്റെ ജീവിതം നാടിന് സമർപ്പിക്കുന്നുവെന്നായിരുന്നു ഇഡി കസ്റ്റഡിയിലിരിക്കെ കേജ്‌രിവാളിന്റെ പ്രതികരണം.
കസ്റ്റഡിയിലും ഭരണം തുടര്‍ന്ന മുഖ്യമന്ത്രിയായി അദ്ദേഹം മാറി. ഭാര്യ സുനിത വഴി തനിക്ക് പറയാനുള്ളത് അദ്ദേഹം പുറത്തെത്തിച്ചു. മൊഹല്ല ക്ലിനിക്കിലെ പ്രശ്നം പരിഹരിക്കാനുള്ള ഉത്തരവ്, ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട വിഷയത്തിലെ ഉത്തരവ് തുടങ്ങിയവ കസ്റ്റഡിയിലിരിക്കെയുള്ള തീരുമാനങ്ങളായിരുന്നു. കേജ്‌രിവാളിന്റെ അറസ്റ്റോടെയാണ് ഭാര്യ സുനിത രംഗത്തെത്തുന്നത്. സുനിത ആം ആദ്മി പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. ഡൽഹിയിൽ സുനിത നടത്തിയ കൂറ്റൻ റാലി പാർട്ടിക്കകത്തും പുറത്തും വൻ ചലനങ്ങളാണ് ഉണ്ടാക്കിയത്.
മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത കേജ്‌രിവാളിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28-ന് അവസാനിച്ചെങ്കിലും ഇഡിയുടെ ആവശ്യപ്രകാരം ഏപ്രിൽ ഒന്നുവരെ നീട്ടിക്കൊടുക്കുകയായിരുന്നു. ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. എന്നാൽ, ഏപ്രിൽ ഒന്നുവരേയുള്ള കസ്റ്റഡിയേ സ്‌പെഷ്യൽ ജഡ്ജ് കാവേരി ബവേജ അനുവദിച്ചിരുന്നുള്ളൂ. ഏപ്രിൽ ഒന്നിനാണ് ഇഡി കസ്റ്റഡിയിലായിരുന്ന കേജ്‌രിവാളിനെ ജയിലിലേക്കയക്കുന്നത്. ഏപ്രിൽ 15 വരെ അദ്ദേഹത്തെ റിമാൻഡ് ചെയ്തു.
ഇതിനിടെ ജയിലിൽ വെച്ച് കേജ്‌രിവാളിനെ വധിക്കാനുള്ള ശ്രമം നടന്നതായി ആരോപണം ഉയർന്നു. ഇൻസുലിൻ നൽകാതെ തിഹാർ ജയിൽ അധികൃതർ വധിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു എഎപി ആരോപിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മുന്നൂറിനും മേലെ ആയതിന് പിന്നാലെ അദ്ദേഹത്തിന് ഇൻസുലിൻ നല്‍കി. കേജ്‌രിവാളിന്റെ അറസ്റ്റോടെ യുഎസ്, ജർമനി അടക്കമുള്ള രാജ്യങ്ങൾ പ്രതികരണവുമായി രംഗത്തെത്തി. ഇത് കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി. ഇപ്പോള്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ ജൂണ്‍ ഒന്ന് വരെ അദ്ദേഹത്തിന് ബിജെപിക്കെതിരെ ശക്തമായ പ്രചരണം നടത്താം. ഇന്ന് രാത്രിതന്നെ കേജരിവാള്‍ പുറത്തിറങ്ങിയേക്കും. മാറ്റത്തിന്റെ കാറ്റുണ്ടോ എന്ന് അദ്ദേഹത്തിന്റെ പ്രചാരണത്തോടെ വ്യക്തമാവുകയും ചെയ്യും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here