ജാമ്യ കാലാവധി അവസാനിച്ചതോടെ കേജ്‌രിവാൾ തീഹാര്‍ ജയിലിലേക്ക്; ജാമ്യാപേക്ഷയിലെ വിധി നിര്‍ണായകം; വിചാരണക്കോടതി ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ച
ഡൽഹി മദ്യനയക്കേസിൽ ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തീഹാര്‍ ജയിലിലേക്ക് മടങ്ങുകയാണ്. ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും യാത്ര തിരിച്ച കേജ്‌രിവാൾ രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തി. കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലുമെത്തി. എഎപിയുടെ ആസ്ഥാനത്തെത്തി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കുകയാണ്. ഭാര്യ സുനിതയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും എഎപി നേതാക്കളും ഒപ്പമുണ്ട്. ഏഴു മണിക്കുള്ളില്‍ അദ്ദേഹം ജയിലില്‍ എത്തും.
ജയിലിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഒട്ടു വളരെ പ്രശ്നങ്ങള്‍ കേജ്‌രിവാളിന് മുന്നിലുണ്ട്. ഇന്ത്യ സഖ്യത്തിന്റെ വിജയം നിര്‍ണായകമാണ്. ഡല്‍ഹിയിലും പഞ്ചാബിലും എഎപിക്ക് തിരിച്ചടിയേല്‍ക്കുമോ എന്നുള്ള ചോദ്യവും മുന്നിലുണ്ട്. എഎപി എംപി സ്വാതി മാലിവാളിന് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ നിന്നും മര്‍ദനമേറ്റ സംഭവവും പുകയുന്നുണ്ട്. സ്വാതിയുടെ പരാതിയില്‍ കേജ്‌രിവാളിന്റെ സഹായി ബിഭവ് കുമാറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മദ്യനയക്കേസില്‍ ജാമ്യം തേടിയുള്ള കേജ്‌രിവാളിന്റെ ജാമ്യാപേക്ഷ വിചാരണക്കോടതി പരിഗണിക്കുന്നുണ്ട്. ഇതില്‍ ബുധനാഴ്ച വിധി വരും. വിധി എന്താകും എന്നതും പ്രധാനമാണ്. സുപ്രീം കോടതിയില്‍ ജാമ്യത്തിന് അനുമതി തേടിയെങ്കിലും അപേക്ഷ സ്വീകരിക്കാന്‍ സുപ്രീം കോടതി രജിസ്ട്രി വിസമ്മതിച്ചിരുന്നു. വിചാരണക്കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം നല്‍കിയത്. ഹര്‍ജി വിചാരണക്കോടതി ബുധനാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റിയതോടെയാണ് ഡല്‍ഹി മുഖ്യമന്ത്രിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ നില്‍ക്കെ സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് 21 ദിവസത്തേക്ക് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്ന് കോടതി നിർദേശിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here