ഡൽഹി മുഖ്യമന്ത്രി ഇനി തിഹാർ ജയിലിൽ ; കേജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, അറസ്റ്റിനെതിരെയുള്ള ഹര്‍ജി മറ്റന്നാള്‍ ഹൈക്കോടതിയില്‍

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്ന് റോസ് അവന്യു കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇതോടെ ഡല്‍ഹി മുഖ്യമന്ത്രിയെ തിഹാര്‍ ജയിലിലേക്ക് മാറ്റും.

അതേസമയം അറസ്റ്റ് ചോദ്യം ചെയ്ത് കേജ്‌രിവാൾ ഡൽഹിഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ മൂന്നിനാണ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. ഏപ്രിൽ രണ്ടിന് മുൻപ് നോട്ടീസിന് മറുപടി നൽകണമെന്നാണ് ഇഡിക്ക് നൽകിയ നിർദ്ദേശം. കേജ്‌രിവാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നാണ് ഇഡിയുടെ വാദം. കേജ്‌രിവാൾ ഉപയോഗിച്ചിരുന്ന ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ പാസ്‌വേഡ് തരാന്‍ തയ്യാറാകാത്തതിനാല്‍ ഡിജിറ്റൽ തെളിവ് ശേഖരിക്കാൻ കഴിയുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചു.

മാര്‍ച്ച് 21നാണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28ന് വിചാരണക്കോടതിയിൽ ഹാജരാക്കിയെങ്കിലും കസ്റ്റഡി കാലാവധി ഏപ്രിൽ ഒന്നുവരെ നീട്ടുകയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളുടെ വിവരങ്ങൾ ബിജെപിക്ക് നൽകാനാണ് ഇഡി കേജ്‌രിവാളിന്റെ ഫോൺ പാസ്‌വേഡ് ആവശ്യപ്പെടുന്നതെന്നാണ് ആം ആദ്മിയുടെ ആരോപണം. അറസ്റ്റിനെതിരെ കേജ്‌രിവാൾ നൽകിയ ഇടക്കാല ഹർജി ഇന്നലെ ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കസ്റ്റഡിയിൽ നിന്ന് അടിയന്തരമായി വിട്ടയക്കണമെന്ന ഹർജിയാണ് തള്ളിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top