സോനം വാങ്ചുക്കിന്റെ അറസ്റ്റില്‍ രാഷ്ട്രീയ വിവാദം; പോലീസ് സ്‌റ്റേഷനിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രിയെ തടഞ്ഞു

ചലോ ഡല്‍ഹി ക്ലൈമറ്റ് മാര്‍ച്ചുമായി ഡല്‍ഹിയിലേക്ക് പദയാത്ര നടത്തിയ ലഡാക്കിലെ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ അറസ്റ്റില്‍ രാഷ്ട്രീയ വിവാദം. ഡല്‍ഹി അതിര്‍ത്തിയായ സിംഘുവില്‍ മാര്‍ച്ച് തടഞ്ഞാണ് വാങ്ചുക്കിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഈ നടപടിയിലാണ് പ്രതിപക്ഷം വലിയ പതിഷേധം ഉയര്‍ത്തുന്നത്. വാങ്ചുക്കിനെ കാണാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ പോലീസ് തിരിച്ചയച്ചു.
ബവാന പോലീസ് സ്‌റ്റേഷനിന് മുന്നില്‍ വച്ചാണ് ഡല്‍ഹി മുഖ്യമന്ത്രിയെ തടഞ്ഞത്. ഇതില്‍ കടുത്ത പ്രതിഷേധമാണ് അതിഷി ഉയര്‍ത്തിയത്. ഒരു സാമൂഹ്യ പ്രവര്‍ത്തകനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലഡാക്കിലെ ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കായാണ് അദ്ദേഹം പോരാടുന്നത്. എന്നാല്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും ഇതിനെ എതിര്‍ക്കുകയാണ്. അതിന്റെ ഭാഗമാണ് ഈ അറസ്റ്റെന്നും അതിഷി വിമര്‍ശിച്ചു.
വാങ്ചുക്കിനെതിരായ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മാര്‍ച്ച് തടഞ്ഞതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. ലഡാക്കിന്റെ ഭാവിക്കുവേണ്ടിയുളള പോരാട്ടമാണ് നടക്കുന്നത്. അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 1നാണ് 150 പേരുമായി വാങ്ചുക് ലേയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് ആരംഭിച്ചത്. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്ക് ഉള്‍പ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. ഈ ആവശ്യം അംഗീകരിച്ചാല്‍ തദ്ദേശീയര്‍ക്ക് അവരുടെ ഭൂമിയും സംസ്‌കാരവും സംരക്ഷിക്കാനാവശ്യമായ നിയമങ്ങള്‍ രൂപീകരിക്കാനാകും. വാങ്ചുക്കിന്റെ അറസ്റ്റില്‍ ലഡാക്കിലും പ്രതിഷേധം ഉയരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here