അറസ്റ്റ് ചോദ്യം ചെയ്തുള്ള കേജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; കോടതിവിധി എഎപിക്ക് നിര്‍ണായകം; മദ്യനയത്തിന്റെ സൂത്രധാരൻ കേജ്‌രിവാളാണെന്ന് ഇഡി; സത്യവാങ്മൂലവും കോടതിയില്‍

ഡൽഹി: മദ്യനയ കേസിലെ ഇഡി അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് കേൾക്കുക. ഏപ്രിൽ 29ന് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മേയ് ആറിനാണ് ലിസ്റ്റുചെയ്തതെന്ന് വെള്ളിയാഴ്ച അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് കേസ് ഇന്നത്തേക്ക് ലിസ്റ്റ് ചെയ്യപ്പെട്ടത്.

തന്റെ അറസ്റ്റ് പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ കേന്ദ്രം ഇ.ഡി.യെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണെന്നാരോപിച്ച് കേജ്‌രിവാൾ സുപ്രീംകോടതിയിൽ പുതിയ അപേക്ഷ നൽകിയിട്ടുണ്ട്.

എഎപിക്കും നേതാക്കൾക്കും നേരേ കേന്ദ്രം അധികാരം ദുരുപയോഗിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയുള്ള അറസ്റ്റ്‌ സ്വതന്ത്രമായ തിരഞ്ഞെടുപ്പിനു വിരുദ്ധമാണെന്നാണ് അപേക്ഷയിൽ പറയുന്നത്. മദ്യനയത്തിന്റെ സൂത്രധാരൻ കേജ്‌രിവാളാണെന്നാരോപിച്ച് ഇഡി. കഴിഞ്ഞദിവസം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

2021 നവംബർ 17ന് ഡൽഹി സർക്കാർ നടപ്പാക്കിയ പുതിയ മദ്യനയമാണ് കേസിന് ആധാരം. തലസ്ഥാനത്ത് 32 സോണുകൾ സൃഷ്ടിച്ച് ഓരോ സോണിലും പരമാവധി 27 കടകൾ തുറക്കാൻ അനുമതി നൽകി. പുതിയ മദ്യനയത്തിൽ ഡൽഹിയിലെ എല്ലാ മദ്യശാലകളും സ്വകാര്യവൽക്കരിച്ചു. ഇതിനുമുമ്പ് ഡൽഹിയിലെ മദ്യവിൽപ്പനശാലകളിൽ 60 ശതമാനം സർക്കാരും 40 ശതമാനം സ്വകാര്യവുമായിരുന്നു. പുതിയ നയം നടപ്പാക്കിയതോടെ 100 ശതമാനം സ്വകാര്യവത്ക്കരിക്കപ്പെട്ടു. 17 ഓഗസ്റ്റ് 2022ന് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതോടെയാണ് മന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ അറസ്റ്റിലായത് .നീണ്ട ചോദ്യം ചെയ്യലിനു ശേഷം മുഖ്യമന്ത്രി കേജ്‌രിവാളിനെയും ഇഡി അറസ്റ്റ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top