അറസ്റ്റിനെ എതിർത്ത് കേജ്‌രിവാളിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ; കേന്ദ്രം അധികാരം ദുരുപയോഗിക്കുന്നു; ഡല്‍ഹി മുഖ്യമന്ത്രിയുടെ പുതിയ അപേക്ഷയും കോടതിയില്‍; പഴുതുകള്‍ അടച്ച് ഇഡിയും
ഡൽഹി: മദ്യനയ കേസിലെ ഇഡി അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് കേൾക്കുന്നത്. ഏപ്രിൽ 29ന് തുടങ്ങുന്ന വാരത്തിൽ പരിഗണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മേയ് ആറിനാണ് ലിസ്റ്റുചെയ്തതെന്ന് വെള്ളിയാഴ്ച കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്യപ്പെട്ടത്.
തന്റെ അറസ്റ്റ് പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണെന്നാരോപിച്ച് കേജ്‌രിവാൾ സുപ്രീംകോടതിയിൽ പുതിയ അപേക്ഷ നൽകി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയുള്ള അറസ്റ്റ് സ്വതന്ത്രമായ തിരഞ്ഞെടുപ്പിനു വിരുദ്ധമാണ്. ബിജെപിയുടെ വലിയ രാഷ്ട്രീയ എതിരാളികളായ എഎപിക്കും നേതാക്കൾക്കും നേരേ കേന്ദ്രം അധികാരം ദുരുപയോഗിക്കുകയാണെന്ന് കേജ്‌രിവാൾ അപേക്ഷയിൽ പറഞ്ഞു.
തെളിവുകളൊന്നുമില്ലാതെ, സമൻസിന് ഹാജരായില്ല എന്നതിന്റെ പേരിൽമാത്രം അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്നും ഇഡി നീക്കം നിയമവിരുദ്ധമായിരുന്നെന്നുമാണ് കേജ്‌രിവാളിന്റെ വാദം. മദ്യനയക്കേസിന്റെ സൂത്രധാരൻ കേജ്‌രിവാളാണെന്നാരോപിച്ച് ഇഡികഴിഞ്ഞദിവസം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു.
ഡല്‍ഹി സർക്കാരിന്റെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണ് പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണ് മദ്യനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ ഇഡി കേസ് റജിസ്റ്റർ ചെയ്തു. എക്സൈസ് മന്ത്രിയായ സിസോദിയ ആദ്യം അറസ്റ്റിലായി. 2023 ഫെബ്രുവരി 26ന് ആയിരുന്നു ഈ അറസ്റ്റ്. നീണ്ട ചോദ്യം ചെയ്യലിനു ശേഷം കഴിഞ്ഞ മാര്‍ച്ച് 21ന് കേജ്‌രിവാളും അറസ്റ്റിലായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here