കേജ്‌രിവാളിന് ജാമ്യം; നാളെ പുറത്തിറങ്ങാം; ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി ഇഡി

മദ്യനയ അഴിമതിക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം. ഡൽഹി റൗസ് അവന്യൂ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. ഇന്ന് സമയം വൈകിയതിനാൽ നാളെയാകും ഡൽഹി മുഖ്യമന്ത്രി ജയിൽ മോചിതനാവുക.

മാർച്ച് 21നാണ് ഇഡി കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. മദ്യനയ കേസിലെ മുഖ്യ സൂത്രധാരൻ കേജ്‌രിവാളാണെന്ന് കണ്ടെത്തിയെന്നും ഇതിനുള്ള തെളിവ് ലഭിച്ചെന്നുമായിരുന്നു ഇഡി ഇതിന് നൽകിയ വിശദീകരണം. കേജ്‌രിവാളിനൊപ്പം ആം ആദ്മി പാർട്ടിയെയും പ്രതിചേർത്താണ് കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചത്. മദ്യനയത്തിൽ വ്യവസായികളുടെ ഇടനിലക്കാരനുമായി ആശയവിനിമയം നടത്തിയതിന്റെ രേഖകൾ ഉൾപ്പെടെയാണ് കുറ്റപത്രം സമർപ്പിച്ചത്. അറസ്റ്റിലായി മൂന്നുമാസം തികയുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യം ലഭിക്കുന്നത്.

പലതവണ ജാമ്യം ലഭിക്കുന്നതിന് കോടതികളെ സമീപിച്ചെങ്കിലും ഇഡി ശക്തമായ എതിർപ്പാണ് ഉന്നയിച്ചത്. ജാമ്യം നേടാനായി ആരോഗ്യനില മോശമാണെന്ന് വരുത്താൻ കേജ്‌രിവാൾ ശ്രമിക്കുന്നു എന്നുവരെ ആരോപിച്ചിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് മാമ്പഴമടക്കം വീട്ടിൽ നിന്ന് വരുത്തി കഴിക്കുന്നു എന്നായിരുന്നു ആരോപണം. ഇന്നത്തെ ജാമ്യ ഹർജിയും ഇഡി എതിർത്തിരുന്നു. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കേജ്‌രിവാൾ പ്രചരണം നടത്തിയിട്ടും ആം ആദ്മി പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടം തിരഞ്ഞെടുപ്പിൽ കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.

അതേസമയം ജാമ്യ ഉത്തരവിനെതിരെ തിടുക്കത്തിൽ ഡെൽഹി ഹൈക്കോടതിയെ സമീപിക്കാനാണ് ഇഡിയുടെ നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top