ഐഷയുടെ മാനസിക പീഡനം ശരിവെച്ച് കോടതി; ശിഖർ ധവാന് വിവാഹമോചനം
ന്യൂഡൽഹി: വിവാഹമോചന ഹർജിയിൽ ക്രിക്കറ്റ് താരം ശിഖർ ധവാന് അനുകൂല വിധിയുമായി ഡൽഹി കോടതി. ധവാനെ ഭാര്യ ഐഷ മുഖർജി മാനസികമായി പീഡിപ്പിച്ചെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഹർജിയിൽ ധവാൻ പറഞ്ഞ കാര്യങ്ങളെല്ലാം കോടതി ശരിവെച്ചു.
ഏക മകനുമായി വേർപിരിഞ്ഞ് ജീവിക്കാൻ നിർബന്ധിച്ച് ധവാനെ ഐഷ മാനസിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് കുടുംബ കോടതി ജഡ്ജി ഹരീഷ് കുമാർ ചൂണ്ടിക്കാട്ടി. അതേസമയം, ഇരുവരുടെയും ഏക മകനെ ആർക്ക് വിട്ടുനൽകണം എന്നത് സംബന്ധിച്ച് ഉത്തരവിടാൻ കോടതി തയാറായില്ല. എന്നാൽ ഇന്ത്യയിലും ഓസ്‌ട്രേലിയയിലും നിശ്ചിത സമയത്ത് മകനെ സന്ദർശിക്കാൻ ധവാന് അവകാശമുണ്ടെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. മകനുമായി താരത്തിന് വിഡിയോ കോളിലൂടെ സംസാരിക്കാനും കോടതി അനുമതി നൽകി.
2012ലായിരുന്നു ഓസ്ട്രേലിയയിലെ മെൽബണിലെ കിക്ക് ബോക്സറായിരുന്ന ഐഷ മുഖർജിയും ധവാനും വിവാഹിതരായത്. ധവാനെക്കാള്‍ 12 വയസ്സ് അധികമുണ്ടായിരുന്ന ഐഷക്ക് ആദ്യ വിവാഹത്തിൽ രണ്ട് പെൺകുട്ടികളുണ്ട്. 2021 സെപ്തംബർ മുതലാണ് ഇരുവരും പിരിഞ്ഞു താമസിക്കാൻ തുടങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here