പൊടിഞ്ഞു പപ്പടമായ കോണ്‍ഗ്രസ്; സംഘടന കെട്ടിപ്പടുക്കുന്നതില്‍ രാഹുല്‍ ഗാന്ധി സമ്പൂര്‍ണ്ണ പരാജയം

ഒരു വ്യാഴവട്ടത്തിന് ശേഷം രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ മുങ്ങിത്താഴുന്നു. പഴയ പ്രതാപത്തിന്റെ പഴങ്കകഥകള്‍ പാടുന്നതല്ലാതെ സംഘടന കെട്ടിപ്പടുക്കുന്നതില്‍ രാഹുല്‍ ഗാന്ധി വമ്പന്‍ പരാജയമെന്ന് വീണ്ടും തെളിയിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയും വട്ട പൂജ്യമെന്ന റെക്കോര്‍ഡ് നിലനിര്‍ത്തിയതില്‍ ‘ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി’ക്ക് അഭിമാനിക്കാം.

കൃത്യമായ പാര്‍ട്ടി പരിപാടികളോ സംഘടനാ തിരഞ്ഞെടുപ്പുകളോ ഇല്ലാതെ കോണ്‍ഗ്രസിന് എത്ര കാലം മുന്നോട്ട് പോകാനാവും എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. താഴെത്തട്ടു മുതല്‍ സംഘടന തിരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ പുനര്‍ജീവിപ്പിക്കുക എന്ന പദ്ധതി തന്നെ രാഹുലിന്റ അജണ്ടയില്‍ പോലുമില്ല. മൂന്ന് കൊല്ലം മുമ്പ് നടന്ന പാര്‍ട്ടി പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പു തന്നെ മൊത്തത്തില്‍ ഒരു കോമഡി പരിപാടി ആയിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അധ്യക്ഷനാക്കാന്‍ നടത്തിയ മഹത്തായ ജനാധിപത്യപ്രക്രിയ എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും ആരുമതിന് കല്പിച്ചിട്ടില്ല.

ദേശീയ തലത്തിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അസ്ഥികൂട സമാനമായി നില്‍ക്കുന്ന ഒരു പാര്‍ട്ടിയെ വെച്ചുകൊണ്ട് രാജ്യത്തിന്റെ ഭരണം പിടിക്കുക എന്നത് അസാധ്യമാണ്. രാഹുല്‍ ഗാന്ധി ഇപ്പോഴും വോട്ട് സമാഹരിക്കുന്ന നേതാവായി വളര്‍ന്നിട്ടില്ല. അദ്ദേഹത്തെ ആത്മാര്‍ത്ഥതയുള്ള മതേതര മുഖമുള്ള നേതാവായി അംഗീകരിക്കുന്നുണ്ടെങ്കിലും സംഘടനയെ ചലിപ്പിക്കാനുള്ള കരിസ്മ ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അല്പമെങ്കിലും സംഘടനാ ബലമുള്ള കേരളത്തില്‍ പോലും പാര്‍ട്ടി പുനഃസംഘടിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉടനെയൊന്നും നടക്കുന്ന ലക്ഷണവുമില്ല.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നും തലയെടുപ്പമുള്ള നേതാക്കള്‍ പോലുമില്ലാത്ത ഗതികെട്ട അവസ്ഥയിലാണ് പാര്‍ട്ടി. പുതുരക്തങ്ങളെ ആകര്‍ഷിക്കാനോ അവരെ നിലനിര്‍ത്താനോ രാഹുലിന് കഴിയുന്നില്ല. പഴയ കുറെ താപ്പാനകളായ നേതാക്കളുടെ ഇംഗിതം അനുസരിച്ചാണ് സുപ്രധാന തീരുമാനങ്ങള്‍ രാഹുല്‍ ഗാന്ധി എടുക്കുന്നത്. ഹരിയാനയില്‍ ഭുപീന്ദര്‍ സിംഗ് ഹൂഡ എന്ന 77 കാരനായ നേതാവിന് സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പടെ വിട്ടുകൊടുത്തതിന്റെ ദുരന്തമാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്. മഹാരാഷ്ടയില്‍ എടുത്തു കാണിക്കാന്‍ ഒരു നേതാവു പോലുമില്ലാത്ത അവസ്ഥ. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് ആനമുട്ടയല്ലാതെ മറ്റെന്ത് കിട്ടാന്‍ എന്നാണ് സാധാരണ കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top