ഏഴു നവജാതശിശുക്കള്‍ വെന്തുമരിച്ച ആശുപത്രി ഉടമ അറസ്റ്റിൽ; നവീൻ കിച്ചിക്കിനെ അറസ്റ്റ് ചെയ്തത് ഒളിവില്‍ തുടരുന്നതിനിടെ; ആശുപത്രി തീപിടിത്തത്തില്‍ അന്വേഷണം

ഡൽഹി: തീപിടിത്തത്തെ തുടര്‍ന്ന് ഏഴു നവജാതശിശുക്കള്‍ വെന്തുമരിച്ച വിവേക് വിഹാറിലെ ആശുപത്രി ഉടമ ഡോക്ടർ നവീൻ കിച്ചിക്ക് അറസ്റ്റിൽ. അപകടത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇന്നലെയാണ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്. പൊള്ളലേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. തീപിടിത്തത്തിനു കാരണം ഇനിയും വ്യക്തമായിട്ടില്ല. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന ഡൽഹി ചീഫ് സെക്രട്ടറിക്ക് അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽപെട്ട ശിശുക്കൾക്ക് മികച്ച സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജും പ്രതികരിച്ചു.
അറസ്റ്റിലായ നവീൻ കിച്ചിക്കിനെതിരെ ഇതിനു മുൻപും കുറ്റകരമായ അശ്രദ്ധയ്ക്ക് കേസുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. 2021ൽ ചികിത്സയ്ക്കിടെ നവജാതശിശുവിനോട് മോശമായി പെരുമാറിയതിന് കിച്ചിക്കിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ചികിത്സയ്ക്കിടെ കുഞ്ഞിന്റെ കൈയ്ക്ക് ഒടിവ് സംഭവിച്ചതിനെ ചോദ്യം ചെയ്ത ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശികളായ ദമ്പതികളെ ഇയാൾ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.
ശനിയാഴ്ച രാത്രി ആരംഭിച്ച തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ അഗ്നിശമനസേന കഠിനയത്നമാണ് നടത്തിയത്. 16 അഗ്നിരക്ഷാ വാഹനങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. ഇന്ന് പുലർച്ചെയോടെ തീയണച്ചു. ആശുപത്രിയിൽ സൂക്ഷിച്ച ഓക്സിജൻ സിലിണ്ടറുകളും തീപിടിത്തത്തിൽ കത്തിനശിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here