കേജ്‌രിവാള്‍ ജയിലില്‍ തുടരും; ജാമ്യ ഉത്തരവിന് ഡല്‍ഹി ഹൈക്കോടതിയുടെ സ്‌റ്റേ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം അനുവദിച്ച ഡല്‍ഹി റൗസ് അവന്യു കോടതി ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. ഇഡി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്

ജാമ്യ ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട് ഇഡി റൗസ് അവന്യൂ കോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും അതുവരെ കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചു. ഹര്‍ജിയില്‍ അടിയന്തരമായി ഹൈക്കോടതി വാദം കേള്‍ക്കും. നാളെ തന്നെ വിധിയും ഉണ്ടാകുമെന്നാണ് വിവരം.

ഇന്നലെയാണ് റൗസ് അവന്യു കോടതി കേജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലായിരുന്നു ജാമ്യം. ഇന്ന് ഡല്‍ഹി മുഖ്യമന്ത്രി തീഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്ന് കരുതിയിരിക്കെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടുലുണ്ടായിരിക്കുന്നത്.

മാര്‍ച്ച് 21നാണ് ഇഡി കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. മദ്യനയ കേസിലെ മുഖ്യ സൂത്രധാരന്‍ കേജ്‌രിവാളാണെന്ന് കണ്ടെത്തിയെന്നും ഇതിനുള്ള തെളിവ് ലഭിച്ചെന്നുമായിരുന്നു ഇഡി ഇതിന് നല്‍കിയ വിശദീകരണം. കേജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്താണ് കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. മദ്യനയത്തില്‍ വ്യവസായികളുടെ ഇടനിലക്കാരനുമായി ആശയവിനിമയം നടത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top