‘സഹതാപവോട്ട് നേടാനുള്ള തന്ത്രം’; പേരിനെതിരായ പൊതുതാത്പര്യ ഹർജിയില്‍ I.N.D.I.A’ സഖ്യത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: പേരുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയില്‍ ഐക്യ പ്രതിപക്ഷ സഖ്യമായ I.N.D.I.A ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പ്രതിപക്ഷ സഖ്യത്തിലെ 26 കക്ഷികളും നോട്ടീസില്‍ വിശദീകരണം നല്‍കണം. ഹർജിയില്‍ കേന്ദ്ര ആഭ്യന്തര, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയങ്ങളോടും, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോടും നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസിന്റെ ചുരുക്കപേരായി ‘ഇന്ത്യ’ (I.N.D.I.A) എന്ന് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് ഡല്‍ഹി സ്വദേശി ഗിരിഷ് ഭരദ്വാജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് അമിത് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പൊതുതാത്പര്യ ഹർജി പരിഗണിച്ചത്.

I.N.D.I.A എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഗിരിഷ് ഭരദ്വാജ് ജൂലൈ 19 ന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ തെഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തില്ലെന്ന് കാണിച്ചാണ് ഹർജിക്കാരന്‍ കോടതിയെ സമീപിച്ചത്. കേസില്‍ ഒക്ടോബർ 21 ന് വാദം കേള്‍ക്കും

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഹതാപ വോട്ടുകള്‍ നേടാനും അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് സഖ്യം ഇത്തരമൊരു പേര് സ്വീകരിച്ചതെന്നാണ് ഹർജിയിലെ വാദം. തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിനെ പേര് ബാധിക്കുമെന്നും, ഭാവിയിലിത് രാഷ്ട്രീയ കലാപങ്ങളിലേക്ക് വരെ എത്തിയേക്കാമെന്നും ഹർജിക്കാരന്‍ അവകാശപ്പെടുന്നു.

ഇതിനുപുറമെ, ദേശീയ ചിഹ്നത്തിന്റെ ഭാഗമായ I.N.D.I.A എന്ന ചുരുക്കെഴുത്ത് മറ്റ് വാണിജ്യ-രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന്, ദേശീയ ചിഹ്നങ്ങളുടെയും പേരുകളുടെയും അനുചിതമായ ഉപയോഗം തടയുന്നതിനുള്ള 1950-ലെ നിയമം ചൂണ്ടിക്കാട്ടി ഹർജിയില്‍ പരാമർശിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top