കേജ്‌രിവാള്‍ കോടതിയില്‍ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചു; സുനിതാ കേജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്; ദൃശ്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണം
മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കോടതിയില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഭാര്യ സുനിതാ കേജ്‌രിവാളിന് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി. ഇഡിക്കെതിരെ രൂക്ഷമായ വിമര്‍ശനം കോടതിയില്‍ ഉന്നയിക്കുന്ന വീഡിയോയാണ് സുനിത പോസ്റ്റ് ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയപ്പോഴുള്ളതാണ് വീഡിയോ. സുനിതയുടെ പോസ്റ്റിന് പിന്നാലെ എഎപിയുടെ പേജിലും നേതാക്കളുടെ പേജിലും ഈ വീഡിയോ പങ്കുവച്ചിരുന്നു.
ഇതിനെതിരെ അഭിഭാഷകനായ വൈഭവ് സിങാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിക്കുള്ളിലെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും ജഡ്ജിയുടെ ജീവന് പോലും ഭീഷണിയാകുന്ന നടപടിയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസുമാരായ ബന്‍സാല്‍ കൃഷ്ണ, അമിത് ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് സുനിതയ്ക്ക് നോട്ടീസയച്ചത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ നിന്നും അടിയന്തരമായി മാറ്റണമെന്ന് നിര്‍ദ്ദേശിച്ചു. മാറ്റിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. വീഡിയോ നീക്കണമെന്ന് സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here