കേജ്‌രിവാൾ അകത്ത് തന്നെ; സിബിഐ നടപടി ഡൽഹി ഹൈക്കോടതി ശരിവെച്ചു

ഡൽഹി മദ്യനയ അഴിമതി കേസിൽ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി. സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് സമർപ്പിച്ച ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അറസ്റ്റ് ചെയ്തത് ന്യായമായ കാരണമില്ലാതെയാണെന്ന് പറയാനാകില്ലെന്ന് ഹർജി പരിഗണിക്കവെ ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ പറഞ്ഞു. ഹർജിക്കാരന് ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.

ഇന്ന് രാവിലെ സുപ്രീംകോടതിയിൽ നിന്നും എഎപി സർക്കാരിന് തിരിച്ചടിയുണ്ടായിരുന്നു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അൽഡർമാരുടെ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി കോടതി തളളി. സർക്കാരിനോട് ആലോചിക്കാതെയോ ശുപാർശകൂടാതെയോ ലഫ്റ്റനന്റ് ഗവർണർക്ക് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അൽഡർമാരെ നിയമിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന ഇക്കഴിഞ്ഞ ജനുവരിയിൽ നടത്തിയ 10 നിയമനങ്ങളെ ചോദ്യം ചെയ്ത് ഡൽഹി സർക്കാരാണ് ഹർജി നൽകിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി.പർദിവാല എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് വിധി. സർക്കാരിൻ്റെ ഉപദേശം സ്വീകരിക്കാത 10 ബിജെപി അംഗങ്ങളെ ഗവർണർ നിയമിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് ഒരു എക്സിക്യൂട്ടീവ് അധികാരമല്ല. നിയമപരമായ അധികാരമാണ്. ഇതുപ്രകാരം ലെഫ്റ്റനൻ്റ് ഗവർണർ ഡൽഹി സർക്കാരിന്റെ സഹായവും ഉപദേശവും അനുസരിച്ച് പ്രവർത്തിക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top