നിമിഷയെ കാണാന്‍ അമ്മയ്ക്ക് യെമനില്‍ പോകാം; അനുമതി നല്‍കി ദില്ലി ഹൈക്കോടതി
ഡല്‍ഹി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി. യെമനില്‍ പോയി നിമിഷയെ കാണാനാണ് ദില്ലി ഹൈക്കോടതി അമ്മ പ്രേമമേരിക്ക് അനുമതി നല്‍കിയിരിക്കുന്നത്. സുരക്ഷാ വിഷയം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം യെമനില്‍ പോകുന്നതിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് നിമിഷയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. മകളുടെ ജീവന്‍ രക്ഷിക്കാന്‍ പോകാന്‍ അനുമതി തേടുമ്പോള്‍ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. സുരക്ഷാ കാരണങ്ങളാല്‍ അനുമതി നല്‍കരുതെന്ന് വാദത്തിനിടെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വധശിക്ഷ ഇളവ് ചെയ്യാന്‍ നിമിഷപ്രിയ നല്‍കിയ ഹര്‍ജി ഇക്കഴിഞ്ഞ നവംബര്‍ 13ന് യെമന്‍ സുപ്രീം കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ്, നിമിഷയുടെ മോചനത്തിനായി നേരിട്ട് യെമനില്‍ പോകാന്‍ അമ്മ പ്രേമമേരി അനുമതി തേടിയത്.
യെമനില്‍ ആഭ്യന്തര കലാപം നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും അതിനാല്‍ നിമിഷയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. മന്ത്രാലയം ഡയറക്ടര്‍ തനൂജ് ശങ്കറാണ് ഇത് സംബന്ധിച്ച കത്ത് പ്രേമമേരിക്ക് കൈമാറിയത്. മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ബ്ലഡ് മണി അഥവാ ദയാധനം സ്വീകരിക്കാന്‍ തയ്യാറാക്കാത്തത് നിമിഷയുടെ മോചനം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
2017 ജൂലൈ 25നാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നഴ്സായിരുന്ന നിമിഷയ്ക്ക് സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ തലാല്‍ സഹായം വാഗ്ദാനം ചെയ്തു. പിന്നീട് പാസ്‌പോര്‍ട്ട് പിടിച്ചുവക്കുകയും ഭാര്യയാക്കാന്‍ ശ്രമിക്കുകയും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന് നിമിഷയുടെ അഭിഭാഷകന്‍ യെമന്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകരായ രണ്ടുപേരുടെ നിര്‍ദേശപ്രകാരം അമിത ഡോസ് മരുന്ന് കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യെമന്‍ സ്വദേശിയായ ഹനാന്‍ എന്ന യുവാവും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. വധശിക്ഷക്ക് വിധിച്ചതോടെ സനായിലെ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here